ഫിഫ 2022 ന് മുമ്പ് കത്താറ ഹില്‍സ് റിസോര്‍ട്ടും പ്രൊജക്ടും പൂര്‍ത്തിയാക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ പുതിയ ടൂറിസം പദ്ധതിയായ കത്താറ ഹില്‍സ് ലക്ഷ്വറി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് ഫിഫ 2022 ലോകകപ്പ് ഖത്തറിന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ കത്താറ ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ റിസോര്‍ട്ടിന്റേയും ടൂറിസം പദ്ധതികളുടേും പ്രഖ്യാപനം നടന്നത്.
ചടങ്ങില്‍ കത്താറയെ പ്രതിനിധീകരിച്ച് കത്താറ ജനറല്‍ മാനേജര്‍ പ്രൊഫസര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയും ഇസ് തിഥ്മാര്‍ ഹോള്‍ഡിംഗ് വൈസ് ചെയര്‍മാന്‍ റമേസ് അല്‍ ഖയ്യാത്തിന്റെ സാന്നിധ്യത്തില്‍ സിഇഒ ഹെന്റിക് ക്രിസ്റ്റ്യന്‍സനും കരാര്‍ ഒപ്പുവച്ചു.
”കത്താറയുടെ ബാക്കിയുള്ള സുസ്ഥിര സാംസ്‌കാരിക വിനോദസഞ്ചാര പദ്ധതികളുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ പദ്ധതി, വിപുലമായ ടൂറിസം പദ്ധതികളില്‍ ഒന്നായി കണക്കാക്കപ്പെടുമെന്നും രാജ്യം ലോകകപ്പിന് ആതിഥ്യമരുളുന്ന ഈ സന്ദര്‍ഭത്തില്‍ പദ്ധതിക്ക് പ്രസക്തിയേറെയാണെന്നും ഒപ്പിടല്‍ ചടങ്ങില്‍ സംസാരിക്കവേ ഡോ. അല്‍ സുലൈത്തി പറഞ്ഞു.
പുതിയ ടൂറിസം പദ്ധതി കത്താറ സന്ദര്‍ശകര്‍ക്ക് കത്താറ ഹില്‍സിന്റെ പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകള്‍ക്ക് ഇണങ്ങി ആഡംബര സൗകര്യങ്ങളില്‍ താമസിക്കാന്‍ അവസരമൊരുക്കും. പ്രകൃതിയും സംസ്‌കാരകവും സമന്വയിപ്പിക്കുന്ന മനോഹര പശ്ചാത്തലത്തില്‍ അതിഥികള്‍ക്ക് കത്താറ സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക, കലാ, പൈതൃക, കായിക വിനോദങ്ങള്‍ ആസ്വദിക്കാനും അവസരമൊരുക്കും. സുസ്ഥിര സാംസ്‌കാരിക ടൂറിസം എന്ന മഹത്തായ ആശയമാണ് കതാറ ഈ സംരംഭത്തിലൂടെ അടയാളപ്പെടുത്തുന്നത്.
പുതിയ പദ്ധതി ഖത്തറിലെ വിനോദസഞ്ചാര രംഗം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നതില്‍ ക്രിസ്റ്റ്യന്‍സെന്‍ സന്തോഷം പ്രകടിപ്പിച്ചു, കത്താറയുടെ മനോഹരമായ ഭൂപ്രകൃതിയെ ആധുനിക വാസ്തുവിദ്യയില്‍ സമന്വയിപ്പിച്ചുകൊണ്ട് കത്താറ ഹില്‍സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രോജക്റ്റ് അതിന്റെ രൂപകല്‍പ്പനയാല്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കത്താറ ഹില്‍സ് എല്‍എക്സ്ആര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രോജക്റ്റില്‍ 15 ആഡംബര വില്ലകളാണുള്ളത്. ഓരോ വില്ലക്കും ഓരോ സ്വകാര്യ സ്വിമ്മിംഗ് പൂളുണ്ട്. കത്താറ കുന്നിന് മുകളിലുള്ള ഒരു പ്രത്യേക സ്ഥലത്ത് അണിയിച്ചൊരുകക്കുന്ന ഈ ആഡംബര വില്ലകള്‍ ഹരിത പ്രകൃതിയുടെയും കത്താറ ബീച്ചിന്റെയും വ്യതിരിക്തവും ആകര്‍ഷകവുമായ കാഴ്ചകള്‍ നല്‍കും.