ഖത്തറിലെ നവീകരിച്ച ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം ഒക്ടോബറില്‍ 5 ന് തുറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: സൗകര്യ വര്‍ദ്ധന പദ്ധതിക്കും സ്ഥിരം കളക്ഷന്‍ ഗാലറികള്‍ പുനഃസ്ഥാപിക്കുന്നതിനും ശേഷം ഖത്തറിലെ നവീകരിച്ച ഐക്കണിക് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് 2022 ഒക്ടോബര്‍ 5 ന് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുമെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു.
അന്താരാഷ്ട്ര പ്രശസ്തനായ പ്രിറ്റ്സ്‌കര്‍ പ്രൈസ് ജേതാവായ ആര്‍ക്കിടെക്റ്റ് ഐ.എം. പെയ് രൂപകല്പന ചെയ്ത മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് , 2008ല്‍ ആണ് ആരംഭിച്ചത്. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍, ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ആദ്യത്തെ സ്ഥാപനമായ ഈ മ്യൂസിയം ലക്ഷക്കണക്കിന് സന്ദര്ഡശകരെ ആകര്‍ഷിച്ചിട്ടുണ്ട്. ദോഹ കോര്‍ണിഷിലെ സ്വന്തം വീണ്ടെടുത്ത ദ്വീപില്‍, പെയ് പ്രത്യേകമായി തിരഞ്ഞെടുത്ത ഈ മ്യൂസിയം, ഇസ്ലാമിക കലകള്‍ക്കുള്ള ഒരു വിളക്കുമാടവും അന്തര്‍ദേശീയ സംവാദത്തിനും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിനുള്ള ഒരു വേദിയുമായി ഇതിനകം തന്നെ അംഗീകാരംനേടിയിട്ടുണ്ട്.
രാജ്യം ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പിനായി ഇരുപത് ലക്ഷത്തോളം സന്ദര്‍ശകര്‍ ഖത്തറിലേക്കൊഴുകുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്ന സുപ്രധാനമായ സാംസ്‌കാരിക പൈതൃക കേന്ദ്രമാകും ഇസ്്‌ലാമിക് ആര്‍ട്ട് മ്യൂസിയം. ലോകത്തിലെ ഇസ്‌ലാമിക കലയുടെ അമൂല്യ ശേഖരങ്ങളാല്‍ ധന്യമായ ഈ കേന്ദ്രം മേഖലയിലെ ആദ്യത്തെ ലോകോത്തര ഇസ് ലാമിക് മ്യൂസിയമാണ് .