ഖത്തറില്‍ സ്‌കൂള്‍ ബസ്സില്‍ കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിര്‍ സ്‌കൂള്‍ ബസ്സില്‍ കുട്ടി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അല്‍ വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടനിലെ കെ.ജി വിദ്യാര്‍ത്ഥിനിയായിരുന്ന മിന്‍സ മറിയം ജേക്കബ് ആണ് ഇന്നലെ തന്റെ നാലാം പിറന്നാള്‍ ദിനത്തില്‍ ബസ്സിനുള്ളില്‍ മരിച്ചത്.
ബസ്സില്‍ ഉറങ്ങിപ്പോയ മിന്‍സ ബസ്സ് സ്‌കൂളില്‍ എത്തിയപ്പോള്‍ ഇറങ്ങിയില്ല. ഇത് ശ്രദ്ധയില്‍പ്പെടാതെ ഡ്രൈവര്‍ ബസ്സ് തുറസ്സായ സ്ഥലത്ത് വെയിലത്ത് പാര്‍ക്ക് ചെയ്ത് വാതിലുകള്‍ ലോക്ക് ചെയ്ത് പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏകദേശം പതിനൊന്നരയോടെ കെ.ജി. കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്നതിനായി ബസ്സിലെത്തിയപ്പോഴാണ് ഡ്രൈവര്‍ ബോധരഹിതയായ മിന്‍സയെ ശ്രദ്ധിച്ചത്. ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയം ചിങ്ങവനം സ്വദേശിയായ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും രണ്ടാമത്തെ മകളാണ് മിന്‍സ. മൂത്തമകള്‍ മിഖ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥിനിയാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മിന്‍സയുടെ മരണത്തില്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുശോചനമറിയിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുട്ടികളുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം ഉറപ്പു നല്‍കി