മരുന്നുകളുടെ ഷെഡ്യൂള്‍ ഓര്‍മ്മിപ്പിക്കുന്നതിന് എസ്എംഎസ് സേവനവുമായി പിഎച്ച്‌സിസി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികളെ മരുന്നുകളുടെ ഷെഡ്യൂള്‍ ഓര്‍മ്മിപ്പിക്കുന്നതിന് എസ്എംഎസ് സേവനവുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി). മരുന്ന് വിതരണം ചെയ്യുന്ന തീയതിക്ക് ഒരാഴ്ച മുമ്പ് രോഗികള്‍ക്ക് സന്ദേശം ലഭിക്കും.
ഈ സേവനത്തിലൂടെ, രോഗിക്ക് മരുന്ന് ലഭിച്ചില്ലെങ്കില്‍ കൃത്യമായ ഷെഡ്യൂളിന് മൂന്ന് ദിവസം മുമ്പ് നിര്‍ദ്ദേശിച്ച മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഷെഡ്യൂളിനെക്കുറിച്ച് രോഗികളെ വീണ്ടും ഓര്‍മ്മിപ്പിക്കും. ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചോ ക്യൂ പോസ്റ്റ് വഴിയുള്ള ഹോം ഡെലിവറി സേവനം ഉപയോഗിച്ചോ മരുന്ന് ലഭ്യമാക്കാം.
പേഴ്സണല്‍ അക്കൗണ്ടിലേക്കുള്ള ആക്സസ് മുഖേനയുള്ള മരുന്ന് ഡെലിവറി സേവനത്തിന് പുറമേ, ഭാവിയില്‍ പിഎച്ച്സിസിയുടെ ‘നര്‍ആകും’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും സേവനം ലഭ്യമാകുമെന്ന് പിഎച്ച്‌സിസിയിലെ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ അലക്സാന്ദ്ര തരാസി പറഞ്ഞു.