Breaking News

ഖത്തറിലെ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യകരമായ നഗരങ്ങള്‍ പദവി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യകരമായ നഗരങ്ങള്‍ പദവി . അങ്ങനെ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നും എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും ഈ അക്രഡിറ്റേഷന്‍ നേടുന്ന ആദ്യത്തെ രാജ്യമെന്ന പദവിയും ഖത്തര്‍ സ്വന്തമാക്കി.

നേരത്തെ ഖത്തര്‍ ഫൗണ്ടേഷന്‍ ആരോഗ്യകരമായ വിദ്യാഭ്യാസ നഗരം’ എന്ന സ്ഥാനം നേടിയിരുന്നു. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റി ‘ആരോഗ്യമുള്ള സര്‍വ്വകലാശാല’ എന്ന അംഗീകാരവും നേടിയതോടെ വിദ്യാഭ്യാസ രംഗത്തും ഖത്തര്‍ തിളക്കമാര്‍ന്ന മുന്നേറ്റമാണ് നടത്തിയത്.

ഖത്തറിലെ എല്ലാ മുനിസിപ്പാലിറ്റികളെയും ആരോഗ്യ നഗരങ്ങളായും ഖത്തര്‍ സര്‍വകലാശാലയെ ആരോഗ്യമുള്ള സര്‍വകലാശാലയായും ക്യുഎഫ് എജ്യുക്കേഷന്‍ സിറ്റിയെ ആരോഗ്യകരമായ വിദ്യാഭ്യാസ നഗരമായും തിരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ആദരിക്കല്‍ ചടങ്ങില്‍ സംസാരിച്ച പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ഖത്തറിലെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും കൈവരിക്കുന്നതിന് സുസ്ഥിരമായ ഓപ്ഷനുകള്‍ നല്‍കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടം. കുറഞ്ഞ സമയത്തിനുള്ളില്‍ സാക്ഷാല്‍ക്കരിച്ച , ഈ നേട്ടം, ടീമുകളുടെ കഠിനാധ്വാനവും പ്രതിബദ്ധതയും, ഹെല്‍ത്തി സിറ്റിസ് നെറ്റ്വര്‍ക്കിലൂടെ ഞങ്ങള്‍ സ്ഥാപിച്ച ശക്തമായ പങ്കാളിത്തവും പ്രകടമാക്കുകയും ജനസംഖ്യയുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയ്ക്ക് അടിവരയിടുകയും ചെയ്യുന്നതായി ഡോ. അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു.

ഫിഫ 2022 ലോകകപ്പ് ഖത്തറിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യാന്‍ ഖത്തര്‍ തയ്യാറാകുമ്പോള്‍ ലഭിച്ച ഈ അംഗീകാരം കൂടുതല്‍ പ്രസക്തമാകുമെന്ന്് അവര്‍ പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം, പബ്ലിക് ഹെല്‍ത്ത് മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ലോകാരോഗ്യ സംഘടനയുമായും ഫിഫയുമായും ഒരു പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. ഇത് ലോകകപ്പിനെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ മെഗാ കായിക മത്സരങ്ങള്‍ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു മാതൃകയാക്കുന്നതിനും ലക്ഷ്യമിടുന്നതായി പൊതുജനാരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും ലോകാരോഗ്യ സംഘടന ‘ആരോഗ്യകരമായ നഗരങ്ങള്‍’ എന്ന ബഹുമതി നല്‍കിയത് രാജ്യത്തെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ കൈവരിച്ച മഹത്തായ നേട്ടമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു.

ആരോഗ്യകരമായ നഗരങ്ങളുടെ പ്രധാന സൂചകങ്ങളായി കണക്കാക്കപ്പെടുന്ന പാരിസ്ഥിതിക, ആരോഗ്യ, നഗര സുസ്ഥിരത എന്നിവയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ഖത്തറി നഗരങ്ങള്‍ക്ക് ഭരണാധികാരികള്‍ നല്‍കുന്ന ശ്രദ്ധയും പരിഗണനയുമാണ് ഈ അംഗീകാരത്തിന് കാരണം. രാജ്യത്തിലെ ജനങ്ങളുടെ ഉയര്‍ന്ന ജീവിത നിലവാരം കൈവരിക്കുന്നതിനും ആരോഗ്യം, ക്ഷേമം, സുസ്ഥിര വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനും സ്വീകരിച്ച നടപടികളാണ് എല്ലാ മുനിസിപ്പാലിറ്റികളേയും സവിശേഷമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!