Breaking News

ഫുട്‌ബോള്‍ പ്രകടനം വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധപ്പെട്ടത് : വെംഗര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഫുട്‌ബോള്‍ മേഖലയിലെ ഒരു കളിക്കാരന്റെ പ്രകടനം അയാള്‍ക്ക് ലഭിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് ഫിഫ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്മെന്റ് മേധാവി ആഴ്സെന്‍ വെംഗര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ ആസ്പയര്‍ അക്കാദമി സംഘടിപ്പിച്ച എട്ടാമത് ഗ്ലോബല്‍ ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം തന്റെ മാസ്റ്റര്‍ക്ലാസ്സിലാണ് ഫിഫയുടെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്മെന്റ് മേധാവി ആഴ്സെന്‍ വെംഗര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 205 രാജ്യങ്ങളുടെ പ്രകടനങ്ങള്‍ വിശകലനം ചെയ്ത് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി നടത്തിയ പഠനത്തിന്റെ ഫലങ്ങളും വെംഗര്‍ സദസ്സുമായി പങ്കുവെച്ചു.

യുവാക്കളുടെ വിദ്യാഭ്യാസവും പരിശീലനവും മുതിര്‍ന്ന ദേശീയ ടീമുകളുടെ വിജയവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ഉദാഹരണത്തിന്, മികച്ച ഫിഫ റാങ്കുള്ള 20 രാജ്യങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസ സംവിധാനമുണ്ട് . പ്രതിഭകളെ തിരിച്ചറിയല്‍, പരിശീലന പരിപാടിയുടെ വികസനം, പരിശീലകരുടെ ഗുണനിലവാരം, ആദ്യ ടീമിലെ ഏകീകരണം എന്നിവയെല്ലാം പ്രധാനമാണ് , ”ഏറ്റവും വിജയകരമായ ഫുട്‌ബോള്‍ മാനേജര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഫ്രഞ്ചുകാരന്‍ വെംഗര്‍ വെളിപ്പെടുത്തി.

ഫിഫ മൂന്ന് വ്യത്യസ്ത തലങ്ങളാണ് വികസിപ്പിച്ചെടുത്തതെന്ന് 40 വര്‍ഷമായി പരിശീലകനായ വെംഗര്‍ പറഞ്ഞു. ഫിഫയുടെ സ്വന്തം കോച്ചിംഗ് ഉപയോഗിച്ച് ഓരോ രാജ്യത്തിനും ഒരു ടീം പ്രോഗ്രാം രൂപീകരിക്കുകയും 12 വയസ്സ് മുതലുള്ള കഴിവുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുകയിലാണ് അതില്‍ പ്രധാനപ്പെട്ടത്. മത്സരങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് വിശകലനം ചെയ്യുകയും ജയപരാജയ കാരണങ്ങള്‍ വിലയിരുത്തി തിരുത്തി മുന്നോട്ടുപോവുകയും വേണം.

ഫുട്‌ബോള്‍ നിരന്തരം പുരോഗമിക്കുകയാണെന്നും എപ്പോഴും ചലനത്തിലാണെന്നും വെംഗര്‍ ഊന്നിപ്പറഞ്ഞു.”ഫുട്ബോള്‍ എല്ലായ്‌പ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു, സ്ഥിരമായ ചലനത്തിലാണ് – ഫുട്ബോളിന്റെ പരിണാമം അങ്ങനെയാണ്, സ്ട്രൈക്കര്‍മാര്‍ ഡിഫന്‍ഡര്‍മാരുടെ ഒരു രൂപത്തെ സൃഷ്ടിക്കുന്നു, പ്രതിരോധക്കാര്‍ പ്രതികരിക്കുന്നു, സ്ട്രൈക്കര്‍മാര്‍ പ്രതിരോധക്കാര്‍ക്ക് ഒരു പുതിയ പ്രശ്നം കണ്ടെത്തുന്നു, അവര്‍ വീണ്ടും പ്രതികരിക്കുന്നു. ഈ പരിണാമമാണ് ഞങ്ങള്‍ വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട ഫുട്‌ബോള്‍ ബുദ്ധി, മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ശാസ്ത്രത്തിന്റെ ഉപയോഗം, ഗെയിം മെച്ചപ്പെടുത്തുന്നതിന് ഡാറ്റ വിശകലനം ചെയ്യേണ്ടതിന്റെ പ്രാധാന്യം, ഫിഫ ഫുട്‌ബോള്‍ ഭാഷ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചാണ് വെംഗര്‍ തന്റെ സെഷന്‍ ആകര്‍ഷകമാക്കിയത്.

മുന്‍ ആഴ്‌സണല്‍ മാനേജര്‍ ആസ്പയര്‍ അക്കാദമിയുടെ വിദ്യാഭ്യാസ, പരിശീലന സൗകര്യങ്ങളെ അഭിനന്ദിച്ചു. ‘ഞാന്‍ ആസ്പയര്‍ അക്കാദമി നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്, ഇവിടുത്തെ സൗകര്യങ്ങളുടെയും പരിശീലനത്തിന്റെയും ഗുണനിലവാരവും അതിന്റെ പിന്നിലെ യുക്തിയും എന്നെ എപ്പോഴും ആകര്‍ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ആസ്പയര്‍ അക്കാദമി ഡയറക്ടര്‍ ജനറല്‍ ഇവാന്‍ ബ്രാവോ, ഫുട്‌ബോളിലെ യുവജന വികസനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കായികരംഗത്തിന്റെ പരകോടിയായ ലോകകപ്പിലേക്കുള്ള പ്രധാന നിര്‍മാണ ബ്ലോക്കുകളിലൊന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

‘ഖത്തറിന്റെ എല്ലാ ദേശീയ ടീമുകളുടെയും വീടാണിത് എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, യുവജന വികസനവും ഫുട്‌ബോളിന്റെ ഉയര്‍ന്ന തലങ്ങളും തുടര്‍ച്ച ഉറപ്പാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ് ആസ്പയര്‍ അക്കാദമിയെന്ന് ‘ ബ്രാവോ തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.


ഫോട്ടോ. ആസ്പയര്‍ അക്കാദമി ഡയറക്ടര്‍ ജനറല്‍ ഇവാന്‍ ബ്രാവോ ആഴ്സന്‍ വെംഗറിന് മെമന്റോ സമ്മാനിക്കുന്നു

Related Articles

Back to top button
error: Content is protected !!