ഖത്തറില്‍ ആഘോഷരാവുകള്‍ വരവായി
അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളിലോകം ഖത്തറിലേക്കെത്തുന്നതോടെ കളിയും ചിരിയും സംഗീതവും പശ്ചാത്തലമൊരുക്കുന്ന ആഘോഷരാവുകകളും വിസ്മയകാഴ്ചകളും ഫിഫ 2022 ഖത്തര്‍ ലോകകപ്പിനെ അവിസ്മരണീയമാക്കും. ലോക ഫുട്‌ബോള്‍ മാമാങ്കത്തിനെത്തുന്ന ആരാധകര്‍ക്ക് വൈവിധ്യമാര്‍ന്ന കല സംഗീത പരിപാടികളാണ് ഖത്തര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകോത്തര കലാകാരന്മാരുടെ മികച്ച പ്രകടനങ്ങള്‍ ലോകപ്പിന് കൊഴുപ്പേകും. തൊണ്ണൂറിലധികം വ്യത്യസ്ത പരിപാടികളും ആകര്‍ഷണങ്ങളുമാണ് ലോകകപ്പ് സംഘാടകര്‍ സംവിധാനിച്ചിരിക്കുന്നത്.
ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു ദിവസം ഒന്നിലധികം കളികള്‍ കാണാനാകുമെന്നതുപോലെ ഓരോ ദിവസവും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരരിക പരിപാടികള്‍ ആസ്വദിക്കാനാകുമെന്നതും ഖത്തര്‍ ലോകകപ്പിന്റ സവിശേഷതയായിരിക്കും.
ടൂര്‍ണമെന്റിലെ എണ്ണമറ്റ ഫാന്‍ ആക്റ്റിവേഷനുകളില്‍ ഫുട്‌ബോള്‍, സംഗീതം, സംസ്‌കാരം എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കുമുള്ള പ്രധാന വിനോദ കേന്ദ്രങ്ങളായി വര്‍ത്തിക്കുമെന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തര്‍ സന്ദര്‍ശനം കൂടുതല്‍ ആസ്വദ്യകരമാക്കും.
അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവലായിരിക്കും പരിപാടികളുടെ പ്രധാന വേദികളിലൊന്ന്. നാല്‍പതിനായിരത്തോളം ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ നഗരിയില്‍ മെഗാ സ്‌ക്രീനുകളില്‍ 64 മത്സരങ്ങളും കാണാം. കൂടാതെ 100 മണിക്കൂര്‍ തത്സമയ സംഗീതവും, പാചക അനുഭവങ്ങളും പ്രദര്‍ശിപ്പിക്കുന്ന ലൈവ്, ഫുഡ്, പ്ലേ എന്നിങ്ങനെ മൂന്ന് സോണുകളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
നവംബര്‍ 19 മുതല്‍ ഡിസംബര്‍ 18 വരെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ സജീവമാകും. മല്‍സര ദിനങ്ങളില്‍ രാവിലെ 10 മുതല്‍ പുലര്‍ച്ചെ 2 വരെയും മത്സരമില്ലാത്ത ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ പുലര്‍ച്ചെ 2 വരെയും ആയിരിക്കും പ്രവര്‍ത്്തന സമയം. . ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ എത്താന്‍ ആരാധകര്‍ക്ക് കോര്‍ണിഷ് മെട്രോ സ്റ്റേഷന്‍, വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി മെട്രോ സ്റ്റേഷന്‍, അല്‍ ബിദ്ദ മെട്രോ സ്റ്റേഷന്‍ എന്നിവ പ്രയോജനപ്പെടുത്താം.
ഷെറാട്ടണ്‍ പാര്‍ക്ക് മുതല്‍ ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം വരെയുള്ള ആറ് കിലോമീറ്റര്‍ ഫാന്‍ ആക്ടിവേഷനായ കോര്‍ണിഷ്, സ്റ്റില്‍ പെര്‍ഫോമന്‍സുകള്‍, കച്ചേരികള്‍, കല, സംസ്‌കാരം, കഥ പറയല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോട രാജ്യത്തെ ആഗോള തെരുവ് കാര്‍ണിവലാക്കി മാറ്റും.
70,000 ആരാധകരെ ഉല്‍കൊള്ളാന്‍ ശേഷിയുള്ള സൈറ്റില്‍ 150-ലധികം ഭക്ഷണശാലകള്‍, 4 ലൈവ് സ്റ്റേജുകള്‍, ബെഡോയിന്‍ വില്ലേജ് എന്നിവയുണ്ടാകും. ‘വെല്‍കം ടു ഖത്തര്‍’ എന്ന പേരില്‍ ജല-പൈറോ ടെക്‌നിക് പ്രദര്‍ശനവും എല്ലാ ദിവസവും കോര്‍ണിഷില്‍ നടക്കും. ഖത്തര്‍ 2022 ഒഫീഷ്യല്‍ സൗണ്ട് ട്രാക്ക്, ഖത്തരി സംഗീതസംവിധായകന്‍ വേല്‍ ബിനാലി, ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര എന്നിവയില്‍ നിന്നുള്ള സംഗീതവും കോര്‍ണിഷിനെ സംഗീത പൂരിതമാക്കും. ഇവിടേക്കെത്തുവാന്‍ ആരാധകര്‍ക്ക് സൂഖ് വാഖിഫ് മെട്രോ സ്റ്റേഷന്‍, കോര്‍ണിഷ് മെട്രോ സ്റ്റേഷന്‍, വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി മെട്രോ സ്റ്റേഷന്‍ എന്നിവ ഉപയോഗിക്കാം.
974 സ്റ്റേഡിയത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന റാസ് അബു അബൗദ് ബീച്ചിലും പുതുമയുള്ള പരിപാടികളരങ്ങേറും. പ്രശസ്തമായ ഖത്തര്‍ സ്‌കൈലൈനിന്റെ മനോഹരമായ കാഴ്ചയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സും പ്രവര്‍ത്തനങ്ങളും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് 974 ബീച്ച് അനുയോജ്യമാണ്. 1.3 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ബീച്ചിന് 5,000 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ് തത്സമയ സംഗീതവും 10-ലധികം ആവേശകരമായ അനുഭവങ്ങളും ഭക്ഷണ, ചില്ലറ വില്‍പന കേന്ദ്രങ്ങളും ഇവിടുത്തെ പ്രത്യേകതകളാകും.
ഫിഫ ലോകകപ്പ് മത്സര ദിവസങ്ങളില്‍ ഈ ബീച്ച് പ്രവര്‍ത്തിക്കില്ല . റാസ് ബു അബൗദ് മെട്രോ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷന്‍.