ലോകത്തെ ഏറ്റവും വലിയ ബൂട്ട് പ്രദര്‍ശനം കതാറയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് പ്രദര്‍ശനവുമായി പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍. കതാറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ചാണ് ഫോക്കസ് ഇന്റര്‍നാഷണല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയായ കതാറയില്‍ വെച്ചായിരിക്കും പ്രദര്‍ശനം നടക്കുക.
നവംബര്‍ പതിനാലു തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന അനാച്ഛാദന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങിനു മുന്നോടിയായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര് പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്ര നടക്കും.
ഒരു കായിക വിനോദം എന്ന നിലയില്‍ രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും ഉള്ള സാഹോദര്യത്തിന് ഫുട്ബോള്‍ നല്കുന്ന സംഭാവനകളെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഖത്തര്‍ നടത്തുന്ന പ്രയത്നങ്ങളോടുള്ള പിന്തുണ അറിയിക്കുകയും, ഇന്ത്യയും അറേബ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയ പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ബിഗ് ബൂട്ട് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
മിഡില്‍ ഈസ്റ്റിന്റെ പ്രത്യേകിച്ച് ഖത്തറിന്റെ പേര് ഫുട്ബോള്‍ മത്സര ചരിത്രത്തിലെ വേറിട്ട ഓര്‍മ്മയായി നിലനിര്‍ത്താന്‍ വേണ്ടി ഖത്തര്‍ ചെയ്യുന്ന പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്താങ്ങുവാനും, നൂറ്റാണ്ടുകളുടെ ഫുട്ബോള്‍ പാരമ്പര്യമുള്ള ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ ഒരു സാംസ്കാരിക പരിശ്രമമാണ് ബിഗ് ബൂട്ട് പ്രദര്‍ശനം.
ഇന്ത്യയുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ മത്സരം 1948 ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ നടന്നപ്പോള്‍ ചില കളിക്കാര്‍ ബൂട്ട് ഉപയോഗിച്ചിരുന്നില്ല. ഇന്ത്യ ഫ്രാന്‍സിനോട് തോറ്റ മത്സരത്തില്‍ ബൂട്ടിടാതെ കളിച്ചതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അന്നത്തെ ക്യാപ്റ്റന്‍ താലിമേരന്‍ തമാശയായി പറഞ്ഞത് ‘ഞങ്ങള്‍ ഫൂട്ട്ബോള്‍ കളിക്കുന്നു , നിങ്ങള്‍ ബൂട്ട് ബോള്‍ കളിക്കുന്നു’ എന്നായിന്നു. ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരിക്കും ഈ ബിഗ് ബൂട്ട് പ്രദര്‍ശനം.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയും ക്യുറേറ്ററുമായ ആര്‍ട്ടിസ്റ്റ് എം ദിലീഫ് ആണ് ബൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍, ഏറ്റവും വലിയ മാര്‍ക്കര്‍ പെന്‍, സൈക്കിള്‍, സാനിട്ടൈസര്‍, സ്ക്രൂഡ്രൈവര്‍, തുടങ്ങി ധാരാളം ‘വലിയ’ ആര്‍ട്ടുകളുടെ നിര്‍മ്മാതാവാണ് എം ദിലീഫ്. ലെതര്‍,ഫൈബര്‍,റെക്സിന്,ഫോം ഷീറ്റ്,ആക്രിലിക് ഷീറ്റ് എന്നിവയാല്‍ നിര്‍മ്മിച്ച ബിഗ് ബൂട്ടിനു പതിനേഴ് അടി നീളവും ഏഴ് അടി ഉയരവുമുണ്ടായിരിക്കു. ഇന്ത്യയില്‍ നിര്‍മ്മിച്ച ബൂട്ടിന്റെ ഡിസൈന്‍ ജോലികള്‍ ഖത്തറിലായിരിക്കും പൂര്‍ത്തീകരിക്കുക.
പ്രദര്‍ശനത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണലിന്റെ വിവിധ റീജിയണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അതാത് രാജ്യങ്ങളില്‍ വിവിധ കായിക വിനോദ പരിപാടികള്‍ നടക്കും.
ലാ സിഗാലെ ഹോട്ടലില്‍ നടന്ന പത്ര സമ്മേളനത്തില്‍ കതാറ പബ്ലിക് ഡിപ്ലോമസി സി ഇ ഒ ദാര്‍വിഷ് അഹ്മദ് അല്‍ ഷെബാനി, ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്, ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷമീര്‍ വലിയവീട്ടില്‍, സി എഫ് ഒ മുഹമ്മദ് റിയാസ്, ഇവന്റ്സ് ഡയറക്ടര്‍ അസ്കര്‍ റഹ്മാന്,ഖത്തര്‍ റീജിയണല്‍ സി ഇ ഒ ഹാരിസ് പി ടി എന്നിവര്‍ പങ്കെടുത്തു.