ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു. നിരോധിക്കപ്പെട്ട ലിറിക്ക ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് എയര്‍ കാര്‍ഗോ സ്വകാര്യ കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തിയത്. ഒരു കണ്‍സെയിന്‍മെന്റിലെ സാധനങ്ങള്‍ സംബന്ധിച്ച് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സംശയിച്ചതിനെ തുടര്‍ന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് 6,868 ലിറിക്ക ഗുളികകള്‍ കണ്ടെത്തിയത്.
നിരോധിച്ച ഗുളികകള്‍ സ്ത്രീകളുടെ വസ്ത്രങ്ങളുള്ള പാര്‍സലിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നെന്നും എക്സ്-റേ സ്‌കാനറുകള്‍ കണ്ടെത്തുന്നത് ഒഴിവാക്കാന്‍ കര്‍ശനമായി പൊതിഞ്ഞിരുന്നതായും അധികൃതര്‍ ട്വീറ്റില്‍ അറിയിച്ചു.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും മെഷിനറുകളുമുള്ളതോടൊപ്പം നിരന്തരമായ പരിശീലനം സിദ്ധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ രക്ഷപ്പെടുക പ്രയാസമാണ്.