ഫിഫ 2022 ലോകകപ്പിന്റെ ആദ്യ ദിനങ്ങളില്‍ 24 ലക്ഷത്തിലേറെ യാത്രക്കാരുമായി ഖത്തര്‍ റെയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പിന്റെ ആദ്യ ദിനങ്ങളില്‍ 24 ലക്ഷത്തിലേറെ യാത്രക്കാരുമായി ഖത്തര്‍ റെയില്‍ . ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റിന്റെ ആദ്യ നാല് ദിവസങ്ങളില്‍, ദോഹ മെട്രോയും ലുസൈല്‍ ട്രാമും 2,442,963 യാത്രക്കാരെ അവരുടെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച് ടൂര്‍ണമെന്റ് സ്റ്റേഡിയങ്ങള്‍, വിനോദ ഇടങ്ങള്‍, ഫാന്‍ സോണുകള്‍ എന്നിവയിലേക്ക് എത്തിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ദിവസമായ നവംബര്‍ 20 ന് മൊത്തം മെട്രോ ഉപയോക്താക്കളുടെ എണ്ണം 544,962 യാത്രക്കാരായിരുന്നു. വെസ്റ്റ് ബേ സ്റ്റേഷനുകള്‍, സൂഖ് വാഖിഫ്, ഡിഇസിസി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാര്‍ മെട്രാ പ്രയോജനപ്പെടുത്തിയത്. അടുത്ത ദിവസം മൊത്തം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 529,904 യാത്രക്കാരിലെത്തി. അതേസമയം ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ ചൊവ്വാഴ്ച 650,881 യാത്രക്കാരില്‍ എത്തി. ലുസൈല്‍, ഡിഇസിസി, സൂഖ് വാഖിഫ് സ്റ്റേഷനുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി, ബുധനാഴ്ച യാത്രക്കാരുടെ എണ്ണം 625,497 ആയിരുന്നു.