ലോകകപ്പുമായി ബന്ധപ്പെട്ട് 22 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് കത്താറ പബ്ളിഷിംഗ് ഹൗസ്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പുമായി ബന്ധപ്പെട്ട് 22 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് കത്താറ പബ്ളിഷിംഗ് ഹൗസ്. കത്താറ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ 22 പുസ്തകങ്ങള്‍ കള്‍ച്ചറല്‍ വില്ലേജ് കത്താറയുടെ ജനറല്‍ മാനേജര്‍ പ്രൊഫസര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ബുധനാഴ്ച പ്രകാശനം ചെയ്തു.
ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്കും ലോകകപ്പ് ആരാധകര്‍ക്കും വേണ്ടി 2022 ഫിഫ ലോകകപ്പ് ഖത്തറിനോട് അനുബന്ധിച്ച് നൂറുകണക്കിന് സാംസ്‌കാരികവും കായികവുമായ ബന്ധപ്പെട്ട പരിപാടികള്‍ കത്താറ ആതിഥേയത്വം വഹിക്കുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട് 22 പുസ്തകങ്ങള്‍ ഖത്താറയുടെ വൈജ്ഞാനികമായ സംഭാവനയാണ് അടയാളപ്പെടുത്തുന്നത്.
കത്താറ പബ്ലിഷിംഗ് ഹൗസിന്റെ 22 പുസ്തകങ്ങളില്‍ വിശിഷ്ടമായ സ്പോര്‍ട്സ് ഉള്ളടക്കം അടങ്ങിയിരിക്കുന്നു, ഫുട്ബോളില്‍ താല്‍പ്പര്യമുള്ളവരുടെ കായിക സംസ്‌കാരവും ലോകകപ്പിന്റെ ചരിത്രവും സമ്പന്നമാക്കുന്നതിനായി ‘റെക്കോര്‍ഡ് സമയത്ത്’ നിര്‍മ്മിച്ചവയാണ് ഇവ. എല്ലാ പ്രസിദ്ധീകരണങ്ങളും അറബിയിലാണ്, 10 പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലെ വിഐപി ഇരിപ്പിടങ്ങളില്‍ ഇവ വിതരണം ചെയ്യും കൂടാതെ കത്താറ പബ്ലിഷിംഗ് ഹൗസിലും ലഭ്യമാകും.