പബ്ളിക് സ്ക്കൂളുകളില്‍ ഇ ഹെല്‍ത്ത് ഫയല്‍ സമ്പ്രദായം നടപ്പാക്കി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും 2021 ജനുവരി മുതല്‍ ഇ ഹെല്‍ത്ത് ഫയല്‍ സമ്പ്രദായം നടപ്പാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന്. തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇലക്ട്രോണിക് ഹെല്‍ത്ത് ഫയല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിശിഷ്ടവും ഉയര്‍ന്ന നിലവാരമുള്ളതുമായ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ എല്ലാ പൊതുവിദ്യാലയങ്ങളിലും നല്കുന്ന സ്കൂള്‍ ആരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിനുള്ളിലാണ് ഈ പ്രോഗ്രാം വരുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് വളരെയധികം ശ്രദ്ധ നല്കുന്ന പദ്ധതിയാണിത്.
നടപ്പുവര്‍ഷത്തിന്റെ ആരംഭത്തോടെ രാജ്യത്തെ 281 പൊതുവിദ്യാലയങ്ങളിലും ഇലക്ട്രോണിക് സ്റ്റുഡന്റ് ഹെല്‍ത്ത് ഫയല്‍ പ്രോഗ്രാം സമാരംഭിച്ചതായും 326 സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാര്‍ക്ക് പരിശീലനം നല്‍കിയതായും പിഎച്ച്സിസിയിലെ ഓപ്പറേഷന് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സംയ അല്‍ അല്‍ അബ്ദുല്ല പറഞ്ഞു.
സ്കൂള്‍ ക്ലിനിക്കുകളില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനായി ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളെ ആശ്രയിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. വിദ്യാര്‍ത്ഥിയുടെ എല്ലാ സ്വകാര്യ ഡാറ്റയും ഫയലില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പേപ്പര്‍ ഫയലിനുപകരം വിദ്യാര്‍ത്ഥിയുടെ ഇലക്ട്രോണിക് ഹെല്‍ത്ത് ഫയല്‍ കൈകാര്യം ചെയ്യുന്നു. വിദ്യാര്‍ത്ഥിയുടെ മെഡിക്കല്‍ ചരിത്രം, ആരോഗ്യവിവരങ്ങളുമൊക്കെ ലഭ്യമാകുന്നത് പരിചരണം കാര്യക്ഷമവും കുറ്റമറ്റതുമാക്കുവാന് സഹായകമാകും.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പ്രതിരോധ ആരോഗ്യം എന്ന സങ്കല്പത്തിലേക്കുള്ള മാറ്റം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് ജനറല്‍ ആശുപത്രി, സിദ്റ മെഡിസിന് തുടങ്ങിയ ബന്ധപ്പെട്ട എല്ലാ അധികാരികളുമായുള്ള നിരന്തരമായ സഹകരണത്തെ സംയ അല്‍ അബ്ദുല്ല പ്രശംസിച്ചു.