ഫിന ലോക നീന്തല്‍ മാരത്തണ്‍ സീരീസ് മാര്‍ച്ച് 13ന് കതാറ ബീച്ചില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഫിന ലോക നീന്തല്‍ മാരത്തണ്‍ സീരീസ് മാര്‍ച്ച് 13ന് കതാറ ബീച്ചില്‍ നടക്കും. ഖത്തര്‍ സ്വിമ്മിംഗ് അസോസിയേഷന്‍ ആതിഥ്യമരുളുന്ന മല്‍സരത്തില്‍ 10 കിലോമീറ്റര്‍ ദീര്‍ഘദൂര നീന്തല്‍ക്കാര്‍ മാറ്റുരക്കും.
33 സ്ത്രീകളും 66 പുരുഷന്മാരും 27 രാജ്യങ്ങളില്‍ നിന്നുള്ള 65 ടീം ഉദ്യോഗസ്ഥരും പങ്കെടുക്കും.് 20 നീന്തല്‍ക്കാരും 11 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഏറ്റവും വലിയ സംഘം ഫ്രാന്‍സിന്റേതായിരിക്കും. ഇറ്റലിയില്‍ നിന്ന് 13 മല്‍സരാര്‍ഥികളും 5 ഉദ്യോഗസ്ഥരുമാണുണ്ടാവുക.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം കായികതാരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മറ്റ് എല്ലാ പങ്കാളികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കര്‍ശനമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. കായികതാരങ്ങള്‍ ഇവന്റിലുടനീളം ബയോ സുരക്ഷിത മേഖലകളില്‍ തുടരും.
2018 ലാണ് ദോഹ ആദ്യമായി ഫിന മാരത്തണ്‍ നീന്തല്‍ വേള്‍ഡ് സീരീസ് റേസുകള്‍ക്ക് ആതിഥേയത്വം വഹിച്ചത്. 2023 ല്‍ ഫിന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഖത്തര്‍ സ്വിമ്മിംഗ് അസോസിയേഷന് വിലയേറിയ അനുഭവവും വൈദഗ്ധ്യവും സമ്മാനിക്കുന്നതാകും നീന്തല്‍ മല്‍സരങ്ങള്‍.