വിഭാഗീയ നീക്കങ്ങളെ സഹവര്‍ത്തിത്വത്തിലൂടെ ചെറുക്കുക ബിഷപ് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
അമാനുല്ല വടക്കാങ്ങര
ദോഹ- പരസ്പര വിശ്വാസവും സഹവര്‍ത്തിത്വവും മുറുകെ പിടിച്ച് സമൂഹത്തില്‍ വ്യാപകമാവുന്ന വിഭാഗീയതയെയും ഇസ് ലാമോഫോബിയയെയും ചെറുക്കണമെന്ന് യാക്കോബയ സുരിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു. യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച ദോഹ റമദാന് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിഭാഗീയതയുടെ കാലത്ത് മനുഷ്യനാകുകയെന്നത് വ്യക്തിയെ സംബന്ധിച്ച് വെല്ലുവിളി നേരിടുന്ന ഒന്നാണെന്നും റമദാനും വിഷുവും ഈസ്റ്ററും ഒരുമിച്ച് വന്ന പശ്ചാത്തലത്തില്‍ ഉപവാസങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മാനവികതയുടെ സന്ദേശമുയര്‍ത്തിപ്പിടിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മനുഷ്യനാകാനും ദൈവത്തെ അറിയാനുമുള്ള ഏറ്റവും ഉദാത്തമായ മാര്‍ഗം വിശപ്പറിയുകയെന്നതാണ്. റമദാനിലൂടെ സാധ്യമാകുന്നതും ഇതാണ്. കൂട്ടിവെക്കാനും പൂട്ടിവെക്കാനുമുള്ള ശീലം മാറ്റി തുറന്നുവെക്കാനും പകുത്തുനല്‍കാനും മനുഷ്യരെ പര്യാപ്തമാക്കുന്ന മഹത്തായ സങ്കല്പമാണ് സകാത്ത്, അദ്ദേഹം വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യാവകാശ പ്രഖ്യാപനമാണ് മുഹമ്മദ് നബിയുടെ അറഫാ സന്ദേശം. ഇസ് ലാം വിഭാവനം ചെയ്യുന്ന ഈ സ്ഥിതിസമത്വവും സമഭാവനയും സാമ്രാജ്യത്വത്തിന് എന്നും കനത്ത പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു. ഇസ് ലാമോഫോബിയ സൃഷ്ടിച്ച് കൊണ്ടും പ്രചരിപ്പിച്ച് കൊണ്ടുമാണ് സാമ്രാജ്യത്വം ഇതിനെ നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം, വിദ്വേഷ പ്രചരണങ്ങള്‍ മനുഷ്യരെ തമ്മിലകറ്റുന്ന ഈ കാലത്ത് പരസ്പരം അടുത്തറിയാനും ഒരുമിച്ചിരിക്കാനും ഐക്യദാര്‍ഢ്യപ്പെടാനുമുള്ള അവസരമൊരുക്കിക്കൊണ്ട് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച ദോഹ റമദാന് മീറ്റില്‍ സംസാരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിന് വേദിയൊരുക്കിയ ദോഹ അന്താരാഷ്ട്ര മതാന്തര സംവാദവേദിക്ക് ഈ അവസരത്തില്‍ പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.
അല്‍ അറബി സ്പോര്‍ട്സ് ക്ലബില്‍ നടന്ന റമദാന് മീറ്റ് ഖത്തര്‍ ചാരിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ദോഹ അന്താരാഷ്ട്ര മതാന്തര സംവാദവേദി അസി. ഡയറക്ടറുമായ അലി അല്‍ ഗാമിദി ഉദ്ഘാടനം ചെയ്തു.
കാരുണ്യത്തിന്റെയും ഉദാരതയുടെയും മാസമായ വിശുദ്ധ മാസത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുമായി ചേര്‍ന്നിരിക്കാനും സംസാരിക്കാനും സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത്തരമൊരു കൂടിച്ചേരലുകളിലൂടെ ഇന്ത്യക്കാരുമായുള്ള ബന്ധം ഖത്തര്‍ ദൃഢപ്പെടുത്തിയിട്ടുണ്ടെന്നും അല്‍ ഗാമിദി പറഞ്ഞു.
ഇത് നമ്മുടെ സാമൂഹിക ദൗത്യമാണ്. ഖത്തറില്‍ വിവിധ മേഖലകളില്‍ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നു. ഇന്ത്യക്കാര്‍ വിശാലഹൃദയരാണ്. ഇന്ത്യയുടെ വൈവിധ്യമാണ് അതിന് കാരണം. ഇന്ത്യന്‍ പ്രവാസികള്‍ ഖത്തറിലെ പ്രധാന പ്രവാസി സമൂഹമാണ്. ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള ബന്ധത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.
വിവിധ രാജ്യക്കാര്‍, മതക്കാര്‍, വൈവിധ്യമാര്‍ന്ന സംസ്കാരമുള്ളവര്‍ തുടങ്ങിയവരെയെല്ലാം ചേര്‍ത്തു പിടിക്കുന്നതും അവര്‍ക്ക് അഭിപ്രായ അവസരമൊരുക്കുന്ന വേദിയാണ് ദോഹ അന്താരാഷ്ട്ര മതാന്തര സംവാദവേദിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ മുന്നോട്ട് വെക്കുന്ന സമാധാനവും സഹവര്‍ത്തിത്വവുമാണ് സംവാദവേദിയുടെ അടിത്തറയെന്നും അദ്ദേഹം സൂചിപ്പിച്ചു.
നാഷണല്‍ ഫെഡറേഷന് ഓഫ് യൂത്ത് മൂവ്മെന്റ് ചെയര്മാന് സുഹൈബ് സി.ടി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ അധ്യക്ഷത വഹിച്ചു, സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസിം യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം കെ എ എന്നിവര്‍ സംസാരിച്ചു.