ഹെല്‍ത്ത് കോച്ച് ക്ലിനികുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ജീവിത ശൈലി രോഗങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണം നല്‍കി ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഹെല്‍ത്ത് കോച്ച് ക്ലിനികുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ രംഗത്ത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രിവന്റീവ് ഹെല്‍ത്ത് ആന്റ് വെല്‍നസ് ആണ് ഹെല്‍ത്ത് കോച്ച് ക്ലിനിക് എന്ന അതുല്യമായ സേവനം ആരംഭിച്ചത്.
അനാരോഗ്യകരമായ ജീവിതശൈലി, പൊണ്ണത്തടി, പ്രമേഹം, രക്താതിമര്‍ദ്ദം, മെറ്റബോളിക് സിന്‍ഡ്രോം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികളെ ആരോഗ്യകരമായ ശീലങ്ങളും പെരുമാറ്റങ്ങളും സ്വീകരിച്ച് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പ്രാഥമികാരോഗ്യ കോര്‍പ്പറേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ലുബൈബ്, റൗദത്ത് അല്‍ ഖൈല്‍, ഉമ്മു സലാല്‍, മുഐതര്‍, അല്‍ വജ്ബ, അല്‍ റുവൈസ്, അല്‍ ഖോര്‍ എന്നീ ഏഴ് ആരോഗ്യ കേന്ദ്രങ്ങളില്‍, പോഷകാഹാരം, ആരോഗ്യ ശാസ്ത്രം, കോച്ചിംഗ് എന്നീ മേഖലകളില്‍ പരിശീലനം നേടിയ ആരോഗ്യ പരിപാലന പ്രൊഫഷണലുകളുടെ സംരക്ഷണത്തില്‍ ഹെല്‍ത്ത് കോച്ച് ക്ലിനിക് ലഭ്യമാണ്.
ക്ലിനിക്കല്‍ വിലയിരുത്തലിനും ആവശ്യമായ ലബോറട്ടറി പരിശോധനകള്‍ക്കും വിധേയമായ ശേഷം വ്യക്തികള്‍ക്ക് ഹെല്‍ത്ത് കോച്ച് ക്ലിനിക്കില്‍ നിന്ന് പ്രയോജനം നേടാനും ആരോഗ്യകരമായ ജീവിതശൈലി ക്ലിനിക്കിലൂടെ റഫറല്‍ നേടാനും കഴിയുമെന്ന് റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്ററിലെ കമ്മ്യൂണിറ്റി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റും വെല്‍നസ് സെന്റര്‍ ചുമതലയുള്ള ഡോ.സാറാ റാഷിദ് മൂസ പറഞ്ഞു. രോഗിയുടെ അവസ്ഥയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ഹെല്‍ത്ത് കോച്ചുമായുള്ള മൂന്ന് മാസത്തെ യാത്രയിലൂടെ പരിചരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നു.