
സേവനത്തിന്റെ പുതിയ വഴി തീര്‍ത്ത ഹമീദ് അറന്തോട് ദോഹയോട് വിട പറയുന്നു
ദോഹ :ഖത്തറിലെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനരംഗങ്ങളില്‍ സേവനത്തിന്റെ പുതിയ വഴി തീര്‍ത്ത ഹമീദ് അറന്തോട്, 37 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി, സഹായഹസ്തം നീട്ടി അനവധി പേരുടെ ജീവിതത്തില്‍ പ്രത്യാശ പകര്‍ന്ന ഹമീദ് അറന്തോട്, ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ വ്യത്യസ്തമായ സ്ഥാനം നേടിയിരുന്നു.
പുതായി ഖത്തറില്‍ എത്തുന്ന പ്രവാസികള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ സേവനത്തിന്റെ ഏറ്റവും പ്രാമുഖ്യമുള്ള ഭാഗമായിരുന്നു. തൊഴില്‍ നേടിക്കൊടുക്കുന്നതിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് ജീവിതോപാധി ഉറപ്പാക്കിയ അദ്ദേഹം, പ്രവാസികളുടെ സുഹൃത്തും ആശ്രയവുമായിരുന്നു.
ദോഹ മുനിസിപ്പാലിറ്റിയിലെ ബലദിയയുടെ കണ്ട്രോള് ഡിപ്പാര്‍ട്മെന്റില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഹമീദ് അറന്തോട്, സാമൂഹ്യ-സംഘടനാ രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു. നാട്ടില്‍ മുസ് ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് വഴി സംഘടനാരംഗത്ത് പ്രവേശിച്ച അദ്ദേഹം, ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കൗണ്‍സില്‍ അംഗം, കാസറഗോഡ് മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. കൂടാതെ ഖത്തറില്‍ മധൂര്‍ പഞ്ചായത്ത് കെഎംസിസി രൂപീകരണത്തിന് നേതൃത്വം വഹിച്ചു. എസ്കെഎസ്എസ്എഫ് ഖത്തര്‍ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യസേവനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായിരുന്നുവെന്ന് പ്രവാസി കൂട്ടായ്മകള്‍ പറയുന്നു. ദുരിതബാധിതര്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്. വ്യക്തിപരമായ സമയവും വിഭവങ്ങളും മാറ്റിവെച്ച്, മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നത് ഹമീദ് അറന്തോടിന്റെ ജീവിത രീതിയായി.
ഓഗസ്റ്റ് 22ന് സംസ്ഥാന കെഎംസിസി ഓഫീസില്‍ വെച്ച് ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയും മധുര് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവര്‍ത്തക കോണ്‍വെന്‍ഷനില്‍ സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍
കാസറഗോഡ് മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഹമീദ് അറന്തോട്ക്ക് കെഎംസിസിയുടെ ഔദ്യോഗിക യാത്രയപ്പ് നല്‍കും