Uncategorized

പാറക്കല്‍ രണ്ടാമങ്കത്തിനിറങ്ങുമ്പോള്‍ പ്രവാസ ലോകത്തും ആവേശം അലയടിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കേരള നിമസഭയിലേക്ക് കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്നും പാറക്കല്‍ അബ്ദുല്ല രണ്ടാമങ്കത്തിനിറങ്ങുമ്പോള്‍ പ്രവാസ ലോകത്തും ആവേശം അലയടിക്കുകയാണ്. ദീര്‍ഘകാലത്തെ ഖത്തര്‍ പ്രവാസ കാലത്ത് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം നടത്തിയത് തന്നെയാണ് പാറക്കലിന് മതരാഷ്ടീയ ഭേദമന്യേ ഖത്തര്‍ മലയാളികളുടെ ആശിര്‍വാദങ്ങള്‍ നേടികൊടുക്കുന്നത്.

ഖത്തര്‍ കെ.എം.സി.സി.യുടെ സാമൂഹ്യസുരക്ഷ പദ്ധതിപോലുള്ള നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ നടന്ന പാറക്കല്‍ എവിടെയും മനുഷ്യ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും വികാരങ്ങള്‍ അടയാളപ്പെടുത്തിയാണ് മുന്നേറുന്നത്.

ഖത്തര്‍ കെ.എം.സി.സിയുടെ വിവിധ തലങ്ങളില്‍ നേതൃത്വമലങ്കരിച്ച പാറക്കല്‍ സമാനതകളില്ലാത്ത കാരുണ്യ സ്പര്‍ശത്തിലൂടെയാണ് കുറ്റ്യാടിയുടെ മനം കവര്‍ന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ 700 കോടിയുടെ ബഹുമുഖ വികസന പദ്ധതികള്‍ മാത്രം മതി പാറക്കലെന്ന ജനപ്രതിനിധിയെ അടയാളപ്പെടുത്താന്‍.

പ്രവാസത്തിന്റെ എല്ലാ നൊമ്പരങ്ങളും നേരിട്ട് മനസ്സിലാക്കിയ പാറക്കല്‍ എന്നും പ്രവാസി സമൂഹത്തിനോടൊപ്പമായിരുന്നു. കോവിഡ് മഹാമാരിയില്‍ നാടണയാന്‍ പ്രയാസപ്പെട്ട തന്റെ നിയോജക മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകം വിമാനം ചാര്‍ട്ട് ചെയ്ത പാറക്കലിനെ ഖത്തര്‍ പ്രവാസികള്‍ക്ക് മറക്കാനാവില്ല.

അതുകൊണ്ട് തന്നെ പാറക്കല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഖത്തര്‍ പ്രവാസികളും ആവേശത്തിലാണ് .

കുറ്റ്യാടിയില്‍ ഇതിനകം തന്നെ പാറക്കല്‍ ബഹുദൂരം മുന്നിലാണെന്നും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ കുറ്റ്യാടിയില്‍ നടന്നതെന്നും മണ്ഡലത്തില്‍ നിന്നുള്ള ഒരു പ്രവാസി ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

കുറ്റ്യാടി ഗവ : ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വികസനം, കുറ്റ്യാടി ബൈപാസ് റോഡ്, ആര്‍ദ്രം പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സാമ്പത്തിക പ്രയാസമുള്ള രോഗികള്‍ക്ക് മരുന്നുകളും നല്‍കിയത്, മൊകേരി ഗവ : കോളേജിനെ നാക് ബി പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്താന്‍ വേണ്ടി നടത്തിയ ശ്രദ്ധേയ പ്രവര്‍ത്തനം, താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം ലഭ്യമാക്കിയത്. കെട്ടിടനിര്‍മാണത്തിന് 2 കോടി രൂപ നേടിയെടുത്തു, വേളം, ആയഞ്ചേരി, മണിയൂര്‍, വില്യാപള്ളി, പുറമേരി പഞ്ചായത്തുകളിലെ പ്രാഥമികരോഗ്യകേന്ദ്രങ്ങളും കുന്നുമ്മല്‍, തിരുവളളൂര്‍ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളഉം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി, കുറ്റ്യാടി സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്റര്‍ കെട്ടിട നിര്‍മാണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് 99 ലക്ഷം രൂപ നല്‍കി തുടങ്ങി പാറക്കലിന്റെ വികസന പദ്ധതികളുടെ റിപ്പോര്‍ട്ട് നീണ്ടുപോകും.

എല്ലാവര്‍ക്കും വികസനം, എല്ലായിടത്തും വികസനം എന്ന മുദ്രാവാക്യവുമായി മണ്ഡലത്തിന്റെ സമഗ്രപുരോഗതിയാണ് പാറക്കല്‍ സാക്ഷാല്‍ക്കരിച്ചത്. രണ്ടാം അങ്കത്തില്‍ പാറക്കലിന് കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രവാസി സമൂഹത്തിന്റെ പ്രത്യാശ.

Related Articles

Back to top button
error: Content is protected !!