ദോഹ നഗരത്തിനുള്ളില്‍ 25-ലധികം യാത്രക്കാരെ വഹിക്കുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ നഗരത്തിനുള്ളില്‍ 25-ലധികം യാത്രക്കാരെ വഹിക്കുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, ദോഹ നഗരത്തിനുള്ളില്‍ 25-ലധികം യാത്രക്കാരെ വഹിക്കുന്ന ട്രക്കുകളുടെയും ബസുകളുടെയും ഗതാഗത നിയന്ത്രണം പ്രഖ്യാപിക്കുകയും അനുമതിയില്ലാതെ അവരുടെ പ്രവേശനം നിരോധിക്കുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ട്രാഫിക് നിയമത്തിന്റെ 49ാം വകുപ്പ് പ്രകാരമാണ് നിയന്ത്രണം. നിയമം ലംഘിക്കുന്നവര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും.
25-ലധികം യാത്രക്കാരെ വഹിക്കുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും ദോഹ നഗരത്തിനുള്ളില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക പെര്‍മിറ്റിന് പ്രൊജക്ട് മാനേജ്‌മെന്റില്‍ നിന്നുള്ള അപേക്ഷ, ഗവണ്‍മെന്റ് വകുപ്പുമായുള്ള വര്‍ക് കോണ്‍ട്രാക്ട്, കമ്പനി രജിസ്‌ട്രേഷന്‍ കോപ്പി, വണ്ടിയുടെ രജിസ്‌ട്രേഷന്‍ കോപ്പി എന്നിവ സമര്‍പ്പിക്കണം.