സേവന മികവിന്റെ പത്ത് വര്‍ഷങ്ങള്‍ ആഘോഷമാക്കി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പുതിയ അനുഭവങ്ങളിലേക്കും ഓര്‍മകളിലേക്കും ബന്ധിപ്പിച്ച് സേവന മികവിന്റെ പത്ത് വര്‍ഷങ്ങള്‍ ആഘോഷമാക്കി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
2014 മെയ് മുതല്‍ 2024 മെയ് വരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മൊത്തം 325.1 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തു. 10 വര്‍ഷത്തിനുള്ളില്‍ 2.1 മില്ല്യണ്‍ വിമാന ചലനങ്ങളും 20.5 ദശലക്ഷം ടണ്‍ ചരക്കുകളും 258 ദശലക്ഷം ബാഗുകളും കൈകാര്യം ചെയ്താണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോക ശ്രദ്ധ നേടിയത്.
പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍, സ്‌കൈ ട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ മൂന്ന് തവണ ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ ആയി തെരഞ്ഞെടുക്കപ്പെടുകയും എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ എയര്‍ കണക്റ്റിവിറ്റി റാങ്കിംഗില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ എയര്‍ കണക്റ്റിവിറ്റിയുള്ള വിമാനത്താവളമായി റാങ്ക് ചെയ്യപ്പെടുകയും ചെയ്തു.