ഖത്തര്‍ പ്രവാസിയടക്കം ഒരു കുടുംബത്തിലെ മൂന്നു പേര് കേരളത്തിന്റെ അഭിമാന താരങ്ങള്‍
ദോഹ:എറണാകുളത്ത് വെച്ചു നടന്ന സംസ്ഥാന റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് 2024
റോളര്‍ സ്‌കൂട്ടര്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി തുടര്‍ച്ചയായി മൂന്നാം തവണയും ദേശീയ തലത്തിലേക്ക് സെലക്ഷന്‍ നേടി ഒരു കുടുംബത്തില്‍ നിന്നും മൂന്നു പേര് കേരളത്തിന്റെ അഭിമാനമായി മാറി.
സ്വര്‍ണ്ണ മെഡല്‍ നേടിയ സനദ് റോഷന്‍ മലപ്പുറം ജില്ലയിലെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
സ്‌കേറ്റ് ബോഡ് മത്സരത്തില്‍ പാര്‍ക്കില്‍ വെങ്കലവും സ്ട്രീറ്റ് മത്സരത്തില്‍ വെങ്കലവും നേടി ദേശീയ തലത്തിലേക്കു സെലക്ഷന്‍ ലഭിച്ച അനിയത്തി അയിഷ ജല്‍വ ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
തുടര്‍ച്ചയായി 6 വര്‍ഷം റോളര്‍ ഹോക്കി ഇനത്തില്‍ ദേശീയ തലത്തിലേക്കു തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റോഷന്‍ ഇവരുടെ സഹോദരനാണ്. ഖത്തര്‍ പ്രവാസിയായ മുഹമ്മദ് റോഷന്‍ 18 വര്‍ഷമായും സനദ് റോഷന്‍ 14 വര്‍ഷമായും ഐഷ ജല്‍വ 8 വര്‍ഷമായും ജില്ലക്കഭിമാനമായി റോളര്‍ സ്‌കേറ്റിങ് രംഗത്ത് സജീവമാണ്.
ദിവസവും 50 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് എല്ലാവരും പരിശീലനത്തിന് പോയിക്കൊണ്ടിരുന്നത്.
മാസ്റ്റേഴ്‌സ് അത് ലെറ്റിക്‌സ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇവരുടെ മാതാവ് സി.വി ഹഫ്‌സ 18വര്‍ഷത്തോളമായി മലപ്പുറം ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് മെമ്പറായി സജീവ രംഗത്തുണ്ട്.
മുഹമ്മദ് റോഷനും സനദ് റോഷനും പ്രവൃത്തി പരിചയ മേളയില്‍ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
മുഹമ്മദ് റോഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റോളര്‍ സ്‌കേറ്റിങ് സ്പീഡില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്.
വിജയത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണയാണെന്ന് മൂന്നു പേരും ഒരേ സ്വരത്തില്‍ പറയുന്നു. അതോടൊപ്പം തന്നെ ജില്ലയില്‍ പരിശീലനത്തിനുള്ള യാതൊരു വിധത്തിലുള്ള സൗകര്യവും ഇല്ലായെന്നും. മറ്റുള്ള സംസ്ഥാനങ്ങളെ പോലെ കേരള സര്‍ക്കാരില്‍ നിന്നും യാതൊരു വിധത്തിലുള്ള പിന്തുണയോ പ്രോത്സാഹനമോ സഹായമോ കിട്ടുന്നില്ലഎന്നും ഇരുന്നൂറിലധികം മെഡലുകളും ട്രോഫികളും നേടിയെടുത്ത മൂന്നു പേരും ഒരുപോലെ പരാതിപ്പെടുകയും ചെയ്യുന്നു. എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഉപാധ്യക്ഷനും, പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോക്ടര്‍ ഗ്ലോബല്‍ ബഷീര്‍ അരിമ്പ്രയുടെ ഭാര്യാ സഹോദരന്റെ മക്കളാണ് മൂന്നു പേരും