പ്രവാസി മലയാളികള്‍ ആധുനിക കേരള ശില്പികള്‍: എം എന്‍ കാരശ്ശേരി
മുക്കം :കേരളീയ സാമൂഹിക മുന്നേറ്റത്തില്‍ കനപ്പെട്ട സംഭാവനകളര്‍പ്പിച്ചവരാണ് പ്രവാസിമലയാളികള്‍. സാമൂഹിക മുന്നേറ്റത്തിന് പ്രവാസികളുടെ സംഭാവനകളെക്കുറിച്ച് പറയുമ്പോള്‍, പത്തേമാരിയിലും ലോഞ്ചുകളിലും സാഹസ യാത്ര ചെയ്ത് ഗള്‍ഫ് നാടുകളിലെത്തി പുതിയ കാല കേരളത്തിന് അടിസ്ഥാനശിലയിട്ട ആദ്യകാല ഗള്‍ഫ് പ്രവാസികളെ മറന്നുപോകരുതെന്ന് ഡോ. എം എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. അമ്മാര്‍ കീഴുപറമ്പ് രചിച്ച്, പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച ‘ഇഖാമ’ എന്ന നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന തൊഴില്‍ പ്രതിസന്ധിയെ മലബാര്‍ മറികടന്നത് ഗള്‍ഫ് പ്രവാസം കൊണ്ടാണ്. ചരിത്രത്തില്‍ അടയാളപ്പെടാതെ പോയ ആളുകളുടെ ചരിത്രം രേഖപ്പെടുത്തി എന്നതാണ് ഇഖാമ നോവലിന്റെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു.
മുക്കം ബി പി മൊയ്ദീന്‍ സേവ മന്ദിറില്‍ നടന്ന പ്രകാശന ചടങ്ങില്‍ പ്രമുഖ മാപ്പിള പാട്ടു ഗവേഷകന്‍ ഫൈസല്‍ എളേറ്റിലിനു നല്‍കി എം എന്‍ കാരശ്ശേരി പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. സംവാദ ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷത വഹിച്ചു. മലിക് നാലകത്ത്, സലാം കൊടിയത്തൂര്‍, ബന്ന ചേന്ദമംഗല്ലൂര്‍, ഉബൈദ് എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു. അമ്മാര്‍ കിഴുപറമ്പ് സ്വാഗതവും ലുഖുമാന്‍ അരീക്കോട് നന്ദിയും പറഞ്ഞു.