Uncategorized

സ്ത്രീ ശാക്തീകരണത്തിലൂടെയാണ് കുടുംബ ശാക്തീകരണം സാധ്യമാകുന്നത്: ഫാത്തിമ മുസഫര്‍


ദോഹ: സ്ത്രീ ശാക്തീകരണത്തിലൂടെയാണ് കുടുംബ ശാക്തീകരണം സാധ്യമാകുന്നതെന്നും കുടുംബം ആരോഗ്യകരമാകുമ്പോള്‍ രാജ്യവും സമൂഹവും സമുദായവും ശാക്തീകരിപ്പെടുകയാണെന്നും ദേശീയ വനിതാ ലീഗ് അധ്യക്ഷ ഫാത്തിമ മുസഫര്‍ അഭിപ്രായപ്പെട്ടു. സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ അവര്‍ക്ക് കെഎംസിസി ഖത്തര്‍ സംസ്ഥാന വനിതാ വിങ് കെഎംസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും രാജ്യ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പുതിയ തലമുറയിലെ പ്രവാസി കുടുംബിനികള്‍ നേരിടുന്ന വിവിധ പ്രയാസങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നും അവര്‍ വിശദീകരിച്ചു.പ്രവാസി സമൂഹത്തില്‍ വനിതാ കെഎംസിസി യുടെ പ്രാധാന്യവും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും അവര്‍ സദസ്സിനോട് സംവദിച്ചു. വനിതാ കെഎംസിസി യുടെ മികച്ച പ്രവര്‍ത്തങ്ങളില്‍ സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചു .

ജാതി മത വ്യത്യാസമില്ലാതെ, അവശരുടേയും അഗതികളുടെയും അത്താണിയാവാന്‍ കെഎംസിസിക്ക് കഴിഞ്ഞതായി അവര്‍ പറഞ്ഞു. വനിത വിങ് പ്രസിഡന്റ് സമീറ അബ്ദുനാസര്‍ അധ്യക്ഷത വഹിച്ച പരിപാടി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു.

വനിതാ വിങ് അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ മൈമൂന സൈനുദ്ദീന്‍ തങ്ങള്‍, ഫാത്തിമ മുസഫറിന് സ്‌നേഹോപഹാരം കൈമാറി. അഡൈ്വസറി ഭാരവാഹികളും സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു . കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി ട്രഷറര്‍ പി.എസ്.എം ഹുസ്സൈന്‍, വനിതാ വിങ് വൈസ് പ്രസിഡന്റ് ഡോ: നിഷാ ഫാത്തിമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡണ്ട് മാജിദ നസീര്‍ ഖിറാഅത്തും ജനറല്‍ സെക്രെട്ടറി സലീന കൂളത്ത് സ്വാഗതവും ട്രഷറര്‍ സമീറ അന്‍വര്‍ നന്ദിയും പറഞ്ഞു. വനിത വിങ് ഭാരവാഹികളായ ബസ്മ സത്താര്‍, ഡോ.ബുഷ്‌റ അന്‍വര്‍, റുമീന ഷമീര്‍, ഡോ.നിസ്രീന്‍ മൊയ്തീന്‍, താഹിറ മഹ്‌റൂഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!