ഏപ്രില്‍ 23 ലോകപുസ്തക ദിനം

ഡോ.അമാനുല്ല വടക്കാങ്ങര
ലോകമെമ്പാടുമുള്ള ഗ്രന്ഥകാരന്മാര്, വായന, പകര്‍പ്പവകാശ സംരക്ഷണം എന്നിവ ആഘോഷിക്കാന്‍ 1995 മുതല്‍ യുനെസ്കോയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 ലോകപുസ്തക ദിനമായി ആചരിക്കുന്നുണ്ട് . മനുഷ്യനും പുസ്തകവും തമ്മിലുള്ള സാംസ്കാരികവും ധാര്‍മികവുമായ ബന്ധം അടയാളപ്പെടുത്തുന്ന സുപ്രധാനമായ ദിനമാണിത്.
വിശ്വസാഹിത്യത്തിലെ അതികായരായിരുന്ന വില്യം ഷേക്സ്പിയര്, മിഗ്വേല്‍ ഡേ സര്വെന്റീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ലോകസാഹിത്യത്തില്‍ വസന്തം തീര്‍ത്ത ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് യുനെസ്കോയുടെ ആഹ്വാനപ്രകാരം ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്
വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കൂ , അതൊരായുധമാണ്
അനശ്വര കവി ബെര്‍തോള്‍ട്ട് ബ്രെഹ്തിന്റെ വിഖ്യാതമായ വാക്കുകളാണിത്. അറിവ് എങ്ങനെയാണ് ഒരു വിമോചന പോരാട്ടമായി മാറുന്നത് എന്ന് ഈ വരികള്‍ ലളിതമായും എന്നാല്‍ അതിശക്തമായും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അറിവ് കരുത്താണ്: വിശക്കുന്നവനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും തന്റെ അവസ്ഥയ്ക്ക് പിന്നിലെ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ തിരിച്ചറിയാന്‍ വായന സഹായിക്കുന്നു.
വിവേചനം തിരിച്ചറിയല്‍: ചൂഷണങ്ങളെ തിരിച്ചറിയാനും അതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്താനും പുസ്തകങ്ങള്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു.
ആയുധം: യുദ്ധക്കളത്തിലെ ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുള്ളതാണ് ചിന്തകളെ ഉണര്‍ത്തുന്ന അക്ഷരങ്ങള്‍. അതുകൊണ്ടാണ് പുസ്തകത്തെ ഒരു ‘ആയുധം’ എന്ന് കവി വിശേഷിപ്പിച്ചത്.
അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏറ്റവും വലിയ വിമോചന മാര്‍ഗ്ഗം വിദ്യാഭ്യാസം തന്നെയാണെന്ന് ഈ വരികള്‍ അടിവരയിടുന്നു.
വായന മരിക്കുന്നുവെന്ന തരത്തിലുള്ള വിലാപങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പരമ്പരാഗത രീതിയിലുള്ള വായന സംസ്കാരത്തിന് ചെറിയ മാറ്റങ്ങളൊക്കെ സംഭവിക്കുന്നുണ്ടെങ്കിലും വായന നിലക്കുന്നില്ലയെന്നതാണ് യാഥാര്‍ഥ്യം.
കാലം മാറുന്നു,സാങ്കേതികവിദ്യ മുന്നേറുന്നു,ജീവിതത്തിന്റെ വേഗത കൂടുന്നു.എന്നാല്‍ വായനയ്ക്ക് ഒരിക്കലും മരിക്കാനാവില്ല. കാരണം പുസ്തകങ്ങള്‍ വെറും പേജുകളല്ല, അവ മനുഷ്യരുടെ അനുഭവങ്ങളാണ്,ചിന്തകളാണ്, ഭാവനയാണ്, സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളുമാണ്.
ഒരു മനുഷ്യന് വായിക്കുമ്പോള്‍,അവന് മറ്റൊരു ജീവിതം ജീവിക്കുന്നു.മറ്റൊരു ലോകം കാണുന്നു.സ്വന്തം ചിന്തകളെ ഉയര്‍ത്തുന്നു. ചിന്തുടെ ഇന്ധനമായി വായന മാറുമ്പോള്‍ മനുഷ്യന് വളരുകയും ഉയരുകയും ചെയ്യുന്നു.
ഇന്നത്തെ ഡിജിറ്റല്‍ ലോകത്തില്‍,സ്ക്രീനുകള്‍ നമ്മെ പിടിച്ചിരുത്തുമ്പോഴും,ഒരു നല്ല പുസ്തകത്തിന്റെ മാധുര്യം ഒരിക്കലും കുറയില്ല. വായന ഒരു ശീലം മാത്രമല്ല.അത് ഒരു സംസ്കാരമാണ്.ഒരു വ്യക്തിത്വമാണ്,ഒരു ജീവിതശൈലിയാണ്.
അത് അറിവ് നല്കുന്നു,അത് ചിന്ത വളര്‍ത്തുന്നു, അത് മനുഷ്യനെ കൂടുതല്‍ നല്ല മനുഷ്യനാക്കുന്നു. അതിനാല്‍
പുസ്തകങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം വായന ജീവിക്കും, വായന ജീവിക്കുന്നിടത്തോളം,മനുഷ്യന് ഉയരും.”
വായന മനുഷ്യന്റെ ബൗദ്ധികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഏറ്റവും ശക്തമായ ഒരു ഉപാധിയാണ്. നല്ല പുസ്തകങ്ങള്‍ നമ്മുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും നമ്മെ നല്ല മനുഷ്യരാക്കുകയും ചെയ്യുന്നു.
സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവുമായ മാനങ്ങളുള്ള വായനക്ക് നിരവധി പ്രയോജനങ്ങളുണ്ട്.
എല്ലാ വര്‍ഷവും യുനെസ്കോയുടെ ആഭിമുഖ്യത്തില്‍ ഓരോ സവിശേഷ പ്രമേയം തെരഞ്ഞെടുത്ത് ഏപ്രില്‍ 23 ലോക പുസ്തക ദിനമായി ആചരിക്കാറുണ്ട്.2026 ലെ ലോക പുസ്തക ദിനത്തിന്റെ പ്രമേയം ‘ആനന്ദത്തിനായുള്ള വായന’ എന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും ആസ്വദിക്കാനും സമയവും സ്ഥലവും നല്‍കാനും വായന വികസിപ്പിക്കാനും അവസരമൊരുക്കാന്‍ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയമാണിത്.
വായന അറിവ് നേടുന്നതിനുള്ള ഒരു മാര്‍ഗം മാത്രമല്ല, അത് മനസ്സിന് ആനന്ദം പകരുന്ന ഒരു അതുല്യാനുഭവമാണ്. പുസ്തകങ്ങള്‍ നമ്മെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു.സങ്കല്‍പ്പങ്ങളുടെ ലോകം, അനുഭവങ്ങളുടെ ലോകം, വികാരങ്ങളുടെ ലോകം, ഭാവനയുടേയും സ്വപ്നങ്ങളുടേയും ലോകം എന്നിങ്ങനെ സുന്ദരസുമോഹന ലോകങ്ങളിലേക്കാണ് വായന നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
ആനന്ദത്തിനായി വായിക്കുന്നത് ഒരു ബാധ്യതയല്ല; അത് ഒരു സ്വാതന്ത്ര്യമാണ്. ഒരാള്‍ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍,കഥകള്‍, കവിതകള്‍, ആത്മകഥകള്‍, യാത്രാവിവരണങ്ങള്‍, അനുഭവങ്ങള്‍ മുതലായവ വായിക്കുമ്പോള്‍ മനസ്സ് ശാന്തമാവുകയും സന്തോഷം നിറയുകയും ചെയ്യുന്നു.
വായന നമ്മെ ചിന്തിക്കാന്‍ പഠിപ്പിക്കുന്നു. നല്ല പുസ്തകങ്ങള്‍ നമ്മുടെ ഉള്ളിലെ നല്ല വികാരങ്ങളെ ഉണര്‍ത്തുന്നു. ജീവിതത്തെ കൂടുതല്‍ മനോഹരമായി കാണാന്‍ സഹായിക്കുന്നു. ചിലപ്പോള്‍ ഒരു ചെറിയ കഥ പോലും നമ്മുടെ ദിവസത്തെ മുഴുവനായി മാറ്റിമറിക്കാന്‍ കഴിയും.
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍, ദിവസവും കുറച്ച് സമയം വായനയ്ക്ക് മാറ്റിവെക്കുന്നത് ഒരു മാനസിക വിശ്രമമാണ്. മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ ശബ്ദങ്ങളില്‍ നിന്ന് അകലെയായി, ഒരു നല്ല പുസ്തകത്തിന്റെ കൂട്ടായ്മയില്‍ ചിലവഴിക്കുന്ന സമയം നമ്മുടെ മനസ്സിനെ പുതുക്കുന്നു.



