Uncategorized

രണഭൂമിയിലെ സ്വപ്നം

മഞ്ഞിയില്‍

എല്ലാം ഭസ്മമാക്കീടും ഭീകരതയുടെ
അഗ്‌നി ജ്വാലകള്‍ തീര്‍ക്കും
അത്യാധുനിക ആയുധങ്ങള്‍
തുരുതുരാ ഗസ്സയുടെ ഹൃദയം പിളര്‍ത്തിടുന്നു.

മുലപ്പാല്‍ മണക്കുന്ന കുഞ്ഞ് കുഞ്ഞോമനകള്‍
മണിയറവിട്ടുണര്‍ന്ന യുവ മിഥുനങ്ങള്‍
അക്ഷരമുറ്റത്തെ പിഞ്ചോമനകള്‍
ആരാധനാലയം
ആതുരാലയങ്ങളും
താണ്ഡവമാടി
സയണിസ ഭീകരര്‍

കാറ്റുറങ്ങാത്ത ശവപ്പറമ്പില്‍
കാത്ത് കാത്തിരിക്കുന്ന ശവം തീനികള്‍
കാതടപ്പിക്കുന്ന ബോംബുകളുടെ ഗര്‍ജ്ജനം
കരളുലക്കും തെരുവ് മര്‍ദ്ദകരുടെ
മദമിളക്കത്തില്‍
ദിഗന്തങ്ങള്‍ തട്ടി മുഴക്കം തീര്‍ക്കുന്ന
ബാല്യ കൗമാരങ്ങളുടെ ഗദ്ഗദങ്ങള്‍..
വയോവൃദ്ധരുടെ സങ്കടപ്പെരുമഴയില്‍
നിശബ്ദമാകുന്ന
മധ്യധരണ്യാഴിത്തിരയും തീരവും…

മൂക സാക്ഷികളാകും ലോകരുടെ
ഹൃദയം കവരും വിധം
പൊയ്വെടികളുടെ
പച്ചനുണ ബോംബുകള്‍
യഥേഷ്ടം പെയ്തു –
പെയ്തു കൊണ്ടിരിക്കുന്നു..

ചാപ്പകുത്തപ്പെട്ട പോരാളികളുടെ പേരില്‍
പകര്‍ച്ച വ്യാധിപോല്‍ പടരും
ജ്വരം പിടിപെടും പകയും
പാട്ടും കഥയും കഥകളിയും
കഥയറിയാത്തവരും…
കഥയറിഞ്ഞാടുന്നവരും
ഉറഞ്ഞാടുന്ന കാഴ്ചകള്‍
ലോകമെങ്ങും …

പോരാളികളുടെ
വില്ലിന്റെ വിലയും വീര്യവും
ദിശയും ദൂരവും മൂര്‍ച്ചയും
അതിന്നിരയാകുന്ന
നിഷ്‌കളങ്ക ബാല്യങ്ങളും …
പഞ്ചതന്ത്രം കഥകളെ വെല്ലും
ചിത്ര ചിത്രീകരണങ്ങള്‍
ലോക മീഡിയകളില്‍
നിറഞ്ഞ് നുരയുന്നു…

പേരില്‍ പോലും സമാധാനം
ധ്വനിപ്പിക്കുന്നുവെങ്കിലും
ഇസ്സമാധാന ദര്‍ശനപ്പേടിയില്‍
പെട്ടുഴലുകയാണിന്ന് ലോകം.
ഇതിന്
ചൂട്ടു പിടിക്കും
കൂത്തരങ്ങുകള്‍ കൊണ്ട്
വേദികളൊരുക്കുന്ന
മാധ്യമ സായാഹ്ന ചര്‍ച്ചകള്‍
സയണിസ ഫാഷിസ ബാന്ധവം
കയ്യടിച്ചാഘോഷമാക്കി ലോകം…

അവകാശം ചോദിച്ചവന്റെ
പ്രഹരത്തില്‍
പ്രകോപിതരായി
അക്രമിയുടെ അക്രോശങ്ങള്‍ക്ക്
കാവലായി
ആകാശ കോട്ടകള്‍ തീര്‍ത്ത്
കാത്ത് നില്‍പ്പൂ
കാവല്‍ നായ്ക്കള്‍
കരയിലും കടലിലും …

മര്‍ദ്ദിതരുണരുന്നതും
അവരുടെ മുഷ്ടികളുയരുന്നതും
സസൂക്ഷ്മം നിരീക്ഷണവിധേയമത്രെ..

ആകാശങ്ങളുടെ ആകാശത്തെ
അധിപതിയോട്
കണ്ണീരുണങ്ങാത്ത
രാപകലുകളുടെ
യാമങ്ങളിലുയര്‍ത്തുന്ന
തേട്ടങ്ങള്‍ക്കുത്തരമായ്
പതിതരുടെ കിനാക്കളും
വ്രണിതരുടെ മോഹങ്ങളും
വിടരുന്ന
പൂവും പൂവാടിയും
പൂത്തുലയുന്ന
പുലരിയാണീ
രണഭൂമിയിലിരിന്നും
ഞാന്‍
നെയ്തിടുന്ന സ്വപ്നം …

Related Articles

Back to top button
error: Content is protected !!