IM Special

സംഗീതം മാനസികോല്ലാസത്തിന് . സുഹൈല്‍ പേരാമ്പ്ര

അമാനുല്ല വടക്കാങ്ങര

സംഗീതം മാനസികോല്ലാസവും ആനന്ദവും പകരുന്ന ഒരു വിനോദമെന്ന നിലക്കാണ് ഖത്തറിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ മേഘമല്‍ഹാറിലെ ഗായകന്‍ സുഹൈല്‍ പേരാമ്പ്ര പാട്ടുകളെ കാണുന്നത്. കുട്ടിക്കാലം മുതലേ മദ്രസയിലെ നബി ദിന വേദികളിലും സ്‌കൂള്‍ യുവജനോല്‍സവത്തിലുമൊക്കെ മാപ്പിളപ്പാട്ടുകള്‍ പാടി സമ്മാനങ്ങള്‍ സ്വന്തമാക്കിയ സുഹൈല്‍ പിന്നീട് ഗാനമേള വേദികളിലും സജീവമായിരുന്നു. പ്രവാസ ജീവിതം ആരംഭിച്ചത് ദുബൈയിലായിരുന്നു. അവിടെ കാര്യമായ പരിപാടികളിലൊന്നും സജീവമായിരുന്നില്ലെങ്കിലും ഒരു സംഗീതാസ്വാദകന്‍ സുഹൈലിന്റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു.
ഖത്തറിലെത്തിയ ശേഷം റഊഫ് മലയിലിന്റെ കരോക്കെ ദോഹ വേദിയിലൂടെയാണ് സുഹൈല്‍ സംഗീത രംഗത്ത് സജീവമാകാന്‍ തുടങ്ങിയത്. മമിത നേതൃത്വം കൊടുക്കുന്ന മേഘമല്‍ഹാറിലെത്തിയത് സുഹൈലിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. പാട്ടുകള്‍ പാടുക മാത്രമല്ല സംഗീതമഭ്യസിക്കാനും മേഘമല്‍ഹാര്‍ അവസരമൊരുക്കിയപ്പോള്‍ സംഗീതത്തിന്റെ വിശാലമായ ലോകത്തേക്ക് മെല്ലെ കടന്നുചെല്ലാനായത് വലിയ ഭാഗ്യമായി. മശൂദ് തങ്ങളുടേയും ഫാരിഷ് ഉസ്താദിന്റേയും ശിക്ഷണത്തിലാണ് സംഗീതമഭ്യസിക്കുന്നത്. പഠിക്കുന്ന കാര്യങ്ങള്‍ ഗ്രൂപ്പംഗങ്ങള്‍ക്കിടയില്‍ പകര്‍ന്നു നല്‍കിയും ഈ ദൗത്യം സാര്‍ഥകമാക്കാന്‍ സുഹൈല്‍ ശ്രദ്ധിക്കാറുണ്ട്.
ഗസല്‍ , ഖവാലി, മാപ്പിളപ്പാട്ട് തുടങ്ങിയവയാണ് സുഹൈലിന് ഇഷ്ടം. ഖത്തറിലെ മഹാകവി ജിപി കുഞ്ഞബ്ദുല്ലയുടെ ഏതാനും ഗാനങ്ങള്‍ ആല്‍ബങ്ങളില്‍ പാടിയ സുഹൈല്‍ ഖത്തറിലെ നൂറിലധികം വേദികളില്‍ ഇതിനകം പാടിക്കഴിഞ്ഞു.
മര്‍ജാനയാണ് ഭാര്യ. ജന്നത്ത് ഷെറിന്‍, എമിന്‍ മറിയം, ഐസം അബ്ദുല്ല എന്നിവര്‍ മക്കളാണ്.