ഖത്തര്‍ ജനസംഖ്യ 26.6 ലക്ഷമായി കുറഞ്ഞു; ഖത്തറില്‍ മൊത്തം 19 ലക്ഷം പുരുഷന്മാരും ഏഴര ലക്ഷം സ്ത്രീകളും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യ 26.6 ലക്ഷമായി കുറഞ്ഞു. കോവിഡ് പ്രതിസന്ധി കാരണം യാത്ര മുടങ്ങിയതും രാജ്യം വിട്ടുപോയതുമൊക്കെയാകാം കാരണം.
2020 മെയ് മാസത്തില്‍ 28.07 ലക്ഷമുണ്ടായിരുന്ന ജനസംഖ്യ 2021 ഫെബ്രുവരിയില്‍ 26. 6 ദശലക്ഷമായി കുറഞ്ഞു. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഒന്‍പത് മാസത്തിനിടയില്‍ ഖത്തറിലെ ജനസംഖ്യയില്‍ 147,000 ല്‍ അധികം കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഖത്തറികളും ജനസംഖ്യ രേഖപ്പെടുത്തുമ്പോള്‍ രാജ്യത്തിന് പുറത്തുള്ള താമസക്കാരും ഇതില്‍ ഉള്‍പ്പെടുന്നില്ല. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കനുസരിച്ച് കൊറോണ ഭീഷണി പാരമ്യതിയിലെത്തിയ 2020 മെയ് മുതല്‍ ഖത്തറിലെ ജനസംഖ്യ ക്രമാതീതമായി കുറയുന്നു. ജൂണില്‍ ഇത് 27.9 ലക്ഷം, ജൂലൈയില്‍ 27.4 ലക്ഷം, ആഗസ്റ്റില്‍ 27.3 ലക്ഷം, സെപ്റ്റംബറില്‍ 27.2 ലക്ഷം, ഒക്ടോബറില്‍ 27.17 ലക്ഷം, നവംബറില്‍ 27.15 ലക്ഷം, ഡിസംബറില്‍ 26.8 ലക്ഷം, ജനുവരിയില്‍ 26.6 ലക്ഷം എന്നിങ്ങനെയായിരുന്നു.
ഖത്തറിലെ പുരുഷ ജനസംഖ്യ 19 ലക്ഷമാണെന്നും സ്ത്രീകളുടെ എണ്ണം 750,910 ആണെന്നും അതോറിറ്റിയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കില്‍ പറയുന്നു.