ഗവണ്‍മെന്റ് ഇലക്ട്രോണിക്, മൊബൈല്‍ സര്‍വീസസ് മെച്യൂരിറ്റി ഇന്‍ഡെക്സ് 2020 ല്‍ ഖത്തറിന് രണ്ടാം സ്ഥാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഗവണ്‍മെന്റ് ഇലക്ട്രോണിക്, മൊബൈല്‍ സര്‍വീസസ് മെച്യൂരിറ്റി ഇന്‍ഡെക്സ് 2020 ല്‍ ഖത്തറിന് അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം. 15 അറബ് രാജ്യങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഖത്തര്‍ രണ്ടാമതെത്തിയത്.
പോര്‍ട്ടലിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും മെച്യൂരിറ്റിയും അളക്കുക എന്നതാണ് ജെംസ് സൂചകം ലക്ഷ്യമിടുന്നത്. സേവന പക്വത, അതിന്റെ ഉപയോഗം, ഉപയോക്തൃ സംതൃപ്തി എന്നിവയുമായി ബന്ധപ്പെട്ട മിക്ക അന്താരാഷ്ട്ര സൂചകങ്ങളിലെയും വിടവ് നികത്താന്‍ ഇത് ശ്രമിക്കുന്നു. വര്‍ഷം തോറും പ്രകടനം അളക്കുകയും താരതമ്യം നടത്തി വിശകലനം ചെയ്തുമാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. സേവന ലഭ്യതയും സങ്കീര്‍ണ്ണതയും, സേവന ഉപയോഗവും സംതൃപ്തിയും പൊതുജനങ്ങളും എന്നീ മൂന്ന് ഘടകങ്ങളാണ് വിശകലനത്തില്‍ പ്രധാനമായും പരിഗണിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഖത്തര്‍ ഭരണകാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ഡിജിറ്റല്‍ട്രാര്‍സ്ഫോര്‍മേഷന്‍ പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നത്.