വാക്സിനെടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് തല്‍ക്കാലം മൂന്ന് മാസത്തേക്ക് തന്നെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നിന്നും കോവിഡ് വാക്സിനെടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് നിലവില്‍ മൂന്ന് മാസത്തേക്ക് മാത്രമാണെന്നും കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നുവരികയാണെന്നും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമാനിയെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ ഖത്തര്‍ ട്രിബൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ലഭ്യായ പഠനങ്ങളുടെ അടിസ്ഥാനമാക്കി വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം മൂന്ന് മാസത്തേക്കാണ് ക്വാറന്റീന്‍ ഇളവ് നല്‍കുന്നത്. വാക്സിനുകളുടെ ഫലപ്രാപ്തി ആറുമാസമോ അതിലധികമോ നീണ്ടുനില്‍ക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്ന പക്ഷം ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ഖത്തര്‍ ടിവിയുടെ പ്രത്യേക പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ശാസ്ത്രീയ സമിതി ഈ കാര്യങ്ങളും ലോകമെമ്പാടുമുള്ള ആശുപത്രികളുടെ റിപ്പോര്‍ട്ടുകളും വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളും അവലോകനം ചെയ്യുന്നുണ്ടെന്നും ഡാറ്റ ലഭ്യമാണെങ്കില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ 95 ശതമാനവും രോഗപ്രതിരോധ ശേഷി ലഭിക്കുമെന്നും ഖത്തറില്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് നിരസിക്കുന്നവര്‍ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.