ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഫ്രോസണ്‍ ബീഫ്, പച്ച കുരുമുളക്, ഏലം എന്നിവക്ക് കണിശമായ നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു ഇനം ഫ്രോസണ്‍ ബീഫ്, പച്ച കുരുമുളക്, ഏലം എന്നിവക്ക് കണിശമായ നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍. കീടനാശിനികളുടെ സാന്നിധ്യവും സാല്‍മൊണെല്ല ബാക്ടീരിയയുമാണ് പ്രശ്നമെന്നറിയുന്നു. വീഴ്ചകള്‍ സ്ഥിരീകരിച്ചാല്‍ ഈ ഉല്‍പന്നങ്ങള്‍ നിരോധിച്ചേക്കുമെന്നും മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പറയുന്നു.
ഇന്ത്യയില്‍ നിന്നും വരുന്ന മേല്‍ ഉല്‍പ്പന്നങ്ങളുടെ എല്ലാ കണ്‍സെയിന്‍മെന്റുകളില്‍ നിന്നും സാമ്പിളുകള്‍ എടുക്കണമെന്നും അവയുടെ സുരക്ഷ, സാധുത, സാങ്കേതിക തികവ് എന്നിവ തെളിയിക്കുന്നതുവരെ റിലീസ് ചെയ്യരുതെന്നുമാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
2021 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പച്ച കുരുമുളക്, ഏലം, ഇറച്ചി എന്നിവയുടെ ഓരോ കണ്‍സെയിന്‍മെന്റിനും ഇവ സുരക്ഷിതവും ഉപഭോഗത്തിന് അനുയോജ്യമായതുമാണെ് സൂചിപ്പിക്കുന്ന ഒരു അംഗീകൃത ലബോറട്ടറി (ഐഎസ്ഒ 17025 സര്‍ട്ടിഫൈഡ്) നല്‍കിയ വിശകലന സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ സാക്ഷ്യപത്രം വേണം. പച്ച കുരുമുളകും ഏലയ്ക്കയും കീടനാശിനി അവശിഷ്ടങ്ങളില്‍ നിന്ന് മുക്തമാണെന്നും മാംസം സാല്‍മൊണെല്ല ബാക്ടീരിയകളില്ലാത്തതാണെന്നും സ്ഥിരീകരിക്കണം. മാത്രമല്ല എല്ലാ ഇന്‍കമിംഗ് കയറ്റുമതികളില്‍ നിന്നും സാമ്പിളുകള്‍ എടുക്കുന്നു.
ഇറക്കുമതി ചരക്കുകള്‍ രാജ്യത്തെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുന്നു എന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഈ നടപടിക്രമങ്ങളുടെ പ്രയോഗം തുടരുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്, ആവശ്യമെങ്കില്‍ ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള സാധ്യതയുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഒരു പ്രത്യേക യൂണിറ്റ് നടത്തുന്ന തുടര്‍ച്ചയായ റിസ്‌ക് അസസ്മെന്റ് പ്രക്രിയയുടെ ഫലമായാണ് ഈ നടപടികള്‍ വരുന്നത്. ഭക്ഷ്യ അപകടസാധ്യതകള്‍ നിരീക്ഷിക്കുകയും ഓരോ ഉല്‍പ്പന്നത്തിനും അപകടസാധ്യത കണക്കിലെടുത്ത് അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യും. കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ബന്ധപ്പെട്ട അധികൃതരെ ഇത്തരം നടപടികള്‍ സംബന്ധിച്ച് വിവരമറിയിക്കുകയും ചെയ്യും.