സ്‌കൈട്രാക്സിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം’ അവാര്‍ഡിനുള്ള മല്‍സരത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ലോകോത്തര വിമാനത്താവളമെന്ന ഖ്യാതി നേടിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്‌കൈട്രാക്സിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം’ അവാര്‍ഡിനുള്ള മല്‍സരത്തില്‍ പങ്കെടുക്കുന്നു.
550 ലധികം വിമാനത്താവളങ്ങളിലുടനീളമുള്ള ഉപഭോക്തൃ സേവനവും സൗകര്യങ്ങളും വിലയിരുത്തുന്ന, ഗുണനിലവാരത്തിന്റെ ഒരു മാനദണ്ഡമായി കണക്കാക്കപ്പെടുന്ന ഈ അവാര്‍ഡ് എയര്‍പോര്‍ട്ട് വ്യവസായത്തിലെ ഏറ്റവും മികച്ച ബഹുമതികളിലൊന്നാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഖത്തറിലെ അന്താരാഷ്ട്ര വിമാനത്താവളം സ്‌കൈട്രാക്സിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം’ റാങ്കിംഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് വ്യോമയാന വ്യവസായം, യാത്രക്കാരുടെ ഗതാഗതം, വിമാന ചരക്ക് നീക്കം എന്നീ രംഗങ്ങളിലെ വെല്ലുവിളികളെ ക്രിയാത്മകമായി അതിജീവിച്ച ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സമ്പൂര്‍ണ്ണ സ്വയംഭരണ അണുനാശിനി റോബോട്ടുകള്‍, തെര്‍മല്‍ സ്മാര്‍ട്ട് സ്‌ക്രീനിംഗ് ഹെല്‍മെറ്റുകള്‍, അള്‍ട്രാവയലറ്റ് ബാഗേജ് അണുവിമുക്തമാക്കല്‍ തുരങ്കങ്ങള്‍ എന്നിവ പോലുള്ള നൂതന സാങ്കേതിക പരിഹാരങ്ങള്‍ അവതരിപ്പിച്ചിരുന്നു. യാത്രക്കാരുടെയും എയര്‍പോര്‍ട്ട് സ്റ്റാഫുകളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനായി, കോണ്‍ടാക്റ്റ്-ഫ്രീ സെല്‍ഫ് ചെക്ക്-ഇന്‍, ട്രാന്‍സ്ഫര്‍ സെക്യൂരിറ്റി സ്‌ക്രീനിംഗ് പോലുള്ള പുതുമകള്‍ അവതരിപ്പിച്ചും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ശ്രദ്ധ നേടിയിരുന്നു.