ആശങ്ക വേണ്ട, ഖത്തറില്‍ പഴയ നോട്ടുകള്‍ ജൂലൈ ഒന്നുവരെ മാറ്റിയെടുക്കാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പഴയ നോട്ടുകള്‍ വ്യവഹാരത്തിനുപയോഗിക്കുന്നത് 2021 ജൂലൈ ഒന്നാം തീയതി വരെ നീട്ടിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 18 വരെയായിരുന്നു പഴയ നോട്ടുകളുടെ വ്യവഹാരം അനുവദിച്ചിരുന്നത്.
2021 ജൂലൈയ്ക്കുശേഷം നാലാമത്തെ സീരീസിന്റെ നോട്ടുകള്‍ നിയമവിരുദ്ധവും നഷ്ടപരിഹാരമില്ലാത്തതുമായ കറന്‍സിയായി മാറുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എന്നാല്‍ കൈവശമുള്ള പഴയ നോട്ടുകളുടെ മൂല്യം പിന്‍വലിക്കല്‍ തീരുമാനം വന്നതുമുതല്‍ 10 വര്‍ഷത്തിനുള്ളില്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് വീണ്ടെടുക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്.
2020 ഡിസംബര്‍ 18 മുതലാണ് ഖത്തറില്‍ അഞ്ചാം സീരിസിലുള്ള പുതിയ നോട്ടുകള്‍ പ്രചാരത്തില്‍ വന്നത്.
നാലാമത്തെ സീരീസ് നോട്ടുകള്‍ സര്‍ക്കുലേഷനില്‍ നിന്ന് പിന്‍വലിക്കുന്നത് സംബന്ധിച്ച് 2020 ഡിസംബര്‍ 27 ന് ഔദ്യോഗിക ഗസറ്റില്‍ പുറത്തിറക്കിയ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുടെ 2020 ലെ 99ാം നമ്പര്‍ തീരുമാന പ്രകാരം മൂന്ന് മാസം കഴിഞ്ഞ് പഴയ നോട്ടുകള്‍ അസാധുവാകുമായിരുന്നു. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണണിച്ചാണ് ജൂലൈ 1 വരെ നീട്ടാന്‍ തീരുമാനിച്ചത്.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 54, 55 എന്നിവയിലെ വ്യവസ്ഥകളും 2012 ലെ 13-ാം നിയമം പുറപ്പെടുവിച്ച ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണവും അനുസരിച്ചാണ് ഈ തീരുമാനം.
ദേശീയ കറന്‍സി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഊന്നിപ്പറഞ്ഞു. നോട്ടില്‍ എഴുതുന്നതോ സുഷിരമോ മറ്റോ ഉണ്ടാക്കുന്നതോ, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 56 ലെ വ്യവസ്ഥ പ്രകാരം കുറ്റകരമാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സൂചിപ്പിച്ചു.