ആശിഖ് മാഹി, അറബി നാടകവേദിയില്‍ തിളങ്ങിയ മലയാളി കലാകാരന്‍
അമാനുല്ല വടക്കാങ്ങര
അറബി നാടകവേദിയില്‍ തിളങ്ങിയ മലയാളി കലാകാരന്‍ എന്നതാകും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഖത്തറിലെ കലാ കായിക സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശിഖ് മാഹി എന്ന കലാകാരനെ അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ സവിശേഷത.
സംഗീതവും നാടകവും ചെറുപ്പം മുതലേ ആശിഖിന്റെ ദൗര്‍ബല്യങ്ങളായിരുന്നു. നാട്ടിലെ നിരവധി നാടകങ്ങളിലും സംഗീത പരിപാടികളിലും തന്റെ സജീവ സാന്നിധ്യമറിയിച്ച ശേഷമാണ് മാഹിക്കാരനായ ആശിഖ് ഖത്തറിലെത്തുന്നത്. മികച്ച വോളിബോള്‍ കളിക്കാരനെന്ന നിലക്ക് കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട് ജില്ലകളിലെ വിവിധ കഌുകള്‍ക്ക് വേണ്ടി കളിച്ചു. ഉപ്പയും മൂത്ത സഹോദരനും ഖത്തറിലായതുകൊണ്ട് ചെറുപ്പത്തിലേ ഖത്തറിലെത്തി. ഖത്തറിലും സജീവമായ വോളിബോള്‍ കളിക്കാരനായതാണ് തൊഴില്‍ രംഗത്തും സഹായകമായത്.
ഷെറാട്ടണ്‍ കഌിന് വേണ്ടി കളിക്കവേ മാനേജര്‍ പരിചയപ്പെടുത്തിയതനുസരിച്ചാണ് കൊണ്ടോട്ടി ആന്റ് പാര്‍ട്‌ണേര്‍സ് എന്ന പ്രശസ്തമായ ഇറ്റാലിയന്‍ കമ്പനിയില്‍ ജോലി കിട്ടിയത്. 25 വര്‍ഷത്തോളം ആ ജോലിയില്‍ തുടര്‍ന്ന ആശിഖ് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാാ കായിക രരംഗങ്ങളിലെ സജീവ സാന്നിധ്യമായ കെ. മുഹമ്മദ് ഈസയുടെ അലി ഇന്റര്‍നാഷണലിലെത്തിയതും വോളിബോളിന്റെ പിമ്പലത്തിലായിരുന്നു. ഈസക്കയും ആശിഖും വോളിഖ് എന്ന സംഘടനയുടെ ഭാരവാഹികളാണ്.
ഖത്തറിലെ പ്രശസ്ത സ്വദേശി നടന്മാരായ ഗാനം സുലൈത്തി, അബ്ദുല്‍ അസീസ് ജാസിം എന്നിവരോടൊപ്പം അറബി നാടകങ്ങളിലും സീരിയലുകളിലും സുപ്രധാനമായ വേഷം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച ആശിഖ് ഖത്തര്‍ ടി.വിയിലെ ശ്രദ്ധേയ മലയാളി സാന്നിധ്യമായിരുന്നു. നഅം വ ലാ, ഇന്നമാ നുഅന്നി സ്സുഹൂര്‍ തുടങ്ങി അഞ്ചോളം അറബി സീരിയലുകളില്‍ പ്രധാനപ്പെട്ട കാരക്ടര്‍ റോള്‍ അഭിനയിച്ചിട്ടുണ്ട്.
ലൈലാ മജ്‌നു, മിസ്‌റിലെ രാജന്‍, ഉറങ്ങിക്കിടക്കുന്ന സിംഹം, നക്ഷത്രങ്ങള്‍ കരയാറില്ല, മരുഭൂമിയില്‍ നിന്നൊരു സ്‌നേഹ ഗാഥ, ശാന്തിയുടെ തീരം തേടി, പറയാതെ പോകുന്നവര്‍, പ്രതി കുറ്റക്കാരനല്ല, ശേഷം മുഖതാവില്‍ തുടങ്ങി മുപ്പതോളം മലയാള നാടകങ്ങളിലും ആശിഖ് തന്റെ കഴിവ് തെളിയിച്ചു. പാടാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ആശിഖ് പല പ്രാദേശിക കൂട്ടായ്മകളും സംഘടിപ്പിക്കുന്ന നിരവധി സംഗീത പരിപാടികളില്‍ പാടിയിട്ടുണ്ട്.
മജീദ് നാദാപുരത്തിന്റെ അകലെ, ഇഖ്ബാല്‍ ചേറ്റുവയുടെ മെഴുകുതിരി, തിരൂര്‍ കൃഷ്ണന്‍ കുട്ടിയയുടെ ഒരു സന്ദര്‍ശനത്തിനിടയില്‍ എന്നീ ഹൃസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുബൈര്‍ മാടായി രചനയും സംവിധാനവും നിര്‍വഹിച്ച് റിലീസിന് ഒരുങ്ങുന്ന ബി. അബു എന്ന ചിത്രത്തിലെ സുപ്രധാനമായ ബാബുവിന്റെ വേഷം ചെയ്യുന്നത് ആശിഖാണ് .
ആശിഖിന്റെ പിതാവ് പരേതനായ പുഴക്കര ഹംസ ദീര്‍ഘകാലം ഖത്തറിലായിരുന്നു. എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകാംഗമായിരുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനാണ് ആശിഖ്. പരേതയായ സഫിയയാണ് മാതാവ്.
നസ്‌ലയാണ് ഭാര്യ. മൂത്ത മകള്‍ ഫാതിമ സമ കോളേജ് ഓഫ് നോര്‍ത്ത് അത്‌ലാന്റികില്‍ നിന്നും പാരമെഡിക്കല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്നു. മകന്‍ മുഹമ്മദ് സഈം മലേഷ്യയില്‍ ബി.എസ്.സി. സൈബര്‍ സെക്യൂരിറ്റി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയാണ് ചെറിയ മകന്‍ മുഹമ്മദ് റിനാസ് എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ് .
കലാരംഗത്തെപ്പോലെ കായിക രംഗത്തും ശ്രദ്ധേയ നായ ആശിഖ് വോളിബാള്‍ ലവിംഗ് ഇന്ത്യന്‍സ് ഇന്‍ ഖത്തറിന്റെ ട്രഷററാണ്. ഖത്തര്‍ മാഹി സൗഹൃദ സംഘം, മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസ്സോസിയേഷന്‍ എന്നീ വേദികളുടെ ഭാരവാഹിയായ ആശിഖ് ജോലിയോടൊപ്പം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ സമയം കണ്ടെത്തുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. നാടക സൗഹൃദത്തിലും സജീവമാണ്
ജെ. എന്‍. ജി. എച്ച്. എസ്. എസ്. പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ സ്ഥാപകാംഗമായ ആശിഖ്് കൂട്ടുകാരോടൊപ്പം ചേര്‍ന്ന് കുറഞ്ഞകാലം കൊണ്ടാണ് കലാകായിക രംഗങ്ങളില്‍ സംഘടനയെ ജനകീയമാക്കിയത്.
മാഹി ഫാമിലി മീറ്റാണ് ആശിഖിന്റെ മറ്റൊരു പ്രധാന പ്രവര്‍ത്തന മേഖല. മാഹിയില്‍ നിന്നുള്ള പതിനഞ്ച് കുടുംബങ്ങളുടെ കൂട്ടായ്മയാണിത്. കുട്ടികളുടേയും കുടുംബത്തിന്റേയും മോട്ടിവേഷനും പുരോഗതിയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
ഡബ്ബിംഗാണ് ആശിഖ് ആസ്വദിക്കുന്ന മറ്റൊരു പ്രധാന ജോലി. നാടകങ്ങള്‍ക്കും ഷോര്‍ട്ട് ഫിലിമുകള്‍ക്കുമൊക്കെ ധാരാളം ഡബ്ബ് ചെയ്തിട്ടുണ്ട്. പല സാംസ്‌കാരിക വേദികളും സംഘടിപ്പിക്കാറുള്ള മല്‍സരങ്ങളുടെ ജഡ്ജിംഗിലും ആശിഖ് സ്ഥിരം സാന്നിധ്യമാണ്. രണ്ട് വര്‍ഷത്തോളം കൈരളി ചാനലിന് വേണ്ടി വാര്‍ത്താധിഷ്ടിത പരിപാടികളവതരിപ്പിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. കലാകായിക സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സജീവ പങ്കാളിത്തത്തോടെയാണ് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന തന്റെ പ്രവാസജീവിതം ആശിഖ് വര്‍ണാഭമാക്കുന്നത്.