ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ഖത്തറിനെ വികലമായി ചിത്രീകരിക്കുന്നത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ഖത്തറിനെ വികലമായി ചിത്രീകരിക്കുന്നതാണെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്. ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും ഖത്തറിന്റെ വിജയത്തിനും കാഴ്ചപ്പാടിനും പ്രധാനമാണ്. സ്വദേശത്തും വിദേശത്തുമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പരസ്യമായി വാദിക്കുന്ന രാജ്യമാണ് ഖത്തര്‍ ജി.സി.ഒ പ്രസ്താവന വ്യക്തമാക്കി.
ഖത്തറിന്റെ നിയമങ്ങളും നയങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ട നടപടികളും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് തെറ്റായി ചിത്രീകരിക്കുന്നതാണ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന അക്കൗണ്ടുകള്‍ ഞങ്ങളുടെ ഭരണഘടന, നിയമങ്ങള്‍, നയങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നവയല്ല. സര്‍ക്കാര്‍ ഈ കേസുകള്‍ അന്വേഷിച്ച് നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനമെടുക്കല്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഖത്തറില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നു. മിക്കവാറും എല്ലാ ലിംഗസമത്വ സൂചകങ്ങളാലും ഖത്തറാണ് മേഖലയെ നയിക്കുന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക്, സര്‍ക്കാര്‍ മേഖലയില്‍ തുല്യവേതനം, സര്‍വകലാശാലാ പ്രോഗ്രാമുകളില്‍ ചേരുന്ന സ്ത്രീകളുടെ ഉയര്‍ന്ന ശതമാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
തുല്യ അവസരത്തിനും വികസനത്തിനും അടിസ്ഥാനം വിദ്യാഭ്യാസമാണ്. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സ്റ്റെം വ്യവസായങ്ങളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അവസരങ്ങളും എല്ലാ സ്ത്രീകള്‍ക്കും ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഖത്തര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഖത്തറിലെ ഏറ്റവും സ്വാധീനവും ഉയര്‍ന്ന ശമ്പളവുമുള്ള ജോലികള്‍ സ്ത്രീകള്‍ അലങ്കരിക്കുന്നുണ്ട്. ഒന്നിലധികം മേഖലകളില്‍ ബിസിനസ്സ് നേതൃത്വ സ്ഥാനങ്ങളും അവര്‍ വഹിക്കുന്നു. ഖത്തറിലെ ബിസിനസ്സ് റെക്കോര്‍ഡുകളില്‍ 20 ശതമാനവും ഖത്തരിയിലെ ബിസിനസ്സ് വനിതകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015ലെ 1400 ബിസിനസ്സ് റെക്കോര്‍ഡുകളില്‍ നിന്ന് 2020 ല്‍ 4000 ബിസിനസ്സ് റെക്കോര്‍ഡുകളായി ഉയര്‍ന്നു.
സ്ത്രീകളോടുള്ള വിവേചനത്തിനെതിരായ വിലക്കാണ് ഖത്തറിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നതിന് സ്വാതന്ത്ര്യവും സൗകര്യവുമാണ് ഖത്തര്‍ നല്‍കുന്നത്. ലിംഗാധിഷ്ഠിത അതിക്രമങ്ങളോ ഗാര്‍ഹിക പീഡനങ്ങളോ ഒരിക്കലും ഖത്തര്‍ അംഗീകരിക്കില്ല.
ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ഖത്തറിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വിശാലമായ സമൂഹത്തിന് പുരോഗതി കൈവരിക്കുന്നതിനും ഞങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍, സിവില്‍ സൊസൈറ്റി, നിയമസഭാംഗങ്ങള്‍, വ്യക്തികള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജി.സി.ഒ. പ്രസ്താവന വ്യക്തമാക്കി.