റീട്ടെയില്‍ മാര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് അസ്‌ലമിന്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റീട്ടെയില്‍ മാര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് അസ്‌ലമിന്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.
ഖത്തറിലെ പ്രമുഖ വ്യവസായിയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ അന്‍സാരി ആന്റ് പാര്‍ട്ണേഴ്സ്, അരോമ ഇന്റര്‍നാഷണല്‍,ആപ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഫ്ളാവേര്‍സ് ഇന്റര്‍നാഷണല്‍, റീട്ടെയില്‍ മാര്‍ട്ട് ഗ്രൂപ്പുകളുടെ ഡയറക്ടറുമായിരുന്ന പി.ടി മുഹമ്മദ് അസ്‌ലം ഇന്നലെ വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. ദീര്‍ഘ നാളായി അര്‍ബൂദ രോഗത്തിന് ചികിത്സയിലായിരുന്നു.
മലപ്പുറം ജില്ലയില്‍ തിരൂരിനടുത്ത് തലക്കടത്തൂര്‍ പരേതനായ പി.ടി സൈതാലിഹാജിയുടെ മകനാണ്.
ഖത്തറില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും പ്രചാരത്തിലാകുന്നതിന് മുമ്പ് തന്നെ സൈതാലിഹാജിയും സഹോദരങ്ങളും ചേര്‍ന്ന് സ്ഥാപിച്ച ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ മലയാളികളുടെ ഇഷ്ട ഷോപ്പിംഗ് കേന്ദ്രമായിരുന്നു. ചെറുപ്പം മുതലേ പിതാവിനോടൊപ്പം വ്യാപാരത്തിലിറങ്ങിയ മുഹമ്മദ് അസ്ലം ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ ഉപഭോക്താക്കളുടെയും ഇടപാടുകാരുടെയും ഇഷ്ടമിത്രമായി മാറി. അസ്ലമിന്റെ നേതൃത്തിലാണ് സ്ഥാപനം വളര്‍ന്ന് വലുതായത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുള്ള റീട്ടൈല്‍ മാര്‍ട്ട് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു.
ഒരു വ്യാവസായിക പ്രമുഖന്‍ എന്നതോടൊപ്പം തന്നെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും അദ്ധേഹത്തിന്റെ സവിശേഷതയാണ്.
അഷ്‌റഫ് ശറഫുദ്ധീന്‍ (ഖത്തര്‍) അസ്‌കറലി എന്നിവര്‍ സഹോദരന്‍മാരും ആരിഫ, മര്‍ളിയ എന്നിവര്‍ സഹോദരിമാരുമാണ്
ശമീന വെങ്കട്ടാണ് ഭാര്യ, റാസിം അഹമ്മദ്, ആയിഷ റിസ മക്കളാണ്. ഇഹ്സാന്‍ അഹ്‌മദ് ചെറുമകനാണ്.