റമദാനില്‍ പള്ളികളിലെ നടപടിക്രമങ്ങള്‍ വ്യക്തമാക്കി മതകാര്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പരിശുദ്ധ റമദാന്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പള്ളികളിലെ നടപടി ക്രമങ്ങള്‍ വ്യക്തമാക്കി മതകാര്യ മന്ത്രാലയം. ബാങ്ക് വിളിച്ച് 5 മിനിറ്റ് കഴിഞ്ഞ് സംഘടിതമായ നമസ്‌കാരം നടക്കും. നമസ്‌കാരം ആരംഭിക്കുന്നതോടെ പള്ളികളുടെ വാതിലുകള്‍ അടക്കും. നമസ്‌കാരം കഴിഞ്ഞ് 5 മിനിറ്റ്് കഴിഞ്ഞ് വീണ്ടും പളളികള്‍ അടക്കും. ഓരോ നമസ്‌കാര ശേഷവും പള്ളി അണുവിമുക്തമാക്കും.
നമസ്‌കരിക്കുവാന്‍ വരുന്നവര്‍ വീട്ടില്‍ നിന്നും അംഗ ശുദ്ധി വരുത്തുകയും സ്വന്തമായ നമസ്‌കാര പായ കൊണ്ടുവരികയും വേണം. പള്ളികളിലെ ടോയ്്‌ലെറ്റുകളും അംഗ ശുദ്ധി വരുത്തുന്ന സ്ഥലങ്ങളും തുറക്കില്ല. മാസ്‌ക് ധരിക്കുക, ഇഹ്തിറാസിലെ പച്ച സ്റ്റാറ്റസ് കാണിക്കുക, ഹസ്ത ദാനം ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും പള്ളികളില്‍ കൊണ്ടുവരരുത്.
പള്ളികളില്‍ വെള്ളമോ ഭക്ഷണമോ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ഇഫ്താര്‍ തളികകളും ഉണ്ടാവില്ല.
തറാവീഹ് നമസ്‌കാരം ഉണ്ടാവില്ല. സ്ത്രീകള്‍ക്കുള്ള നമസ്‌കാര സ്ഥലവും അടഞ്ഞു കിടക്കും.
ഇഅ്തികാഫ് ( പള്ളിയില്‍ സമയം ചിലവഴിക്കല്‍ ) അനുവദിക്കില്ല. നമസ്‌കാരം കഴിഞ്ഞ് പരമാവധി 5 മിനിറ്റേ പള്ളിയില്‍ തങ്ങാന്‍ പറ്റൂ
പള്ളികളില്‍ നിത്യവും 5 നേരത്തെ നമസ്‌കാരവും വെള്ളിയാഴ്ച ജുമുഅയും കൃത്യമായി നടക്കും. പള്ളികള്‍ അടക്കാന്‍ കാരണമാവാതെ എല്ലാവരും സുരക്ഷ മുന്‍കരുതലുകള്‍ ജാഗ്രതയോടെ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.