ഇന്ത്യക്കാര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സല്‍ട്ടേഷനും കൗണ്‍സിലിംഗുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഡോക്ടേര്‍സ് ക്‌ളബ്ബുമായി സഹകരിച്ച് ഇന്ത്യക്കാര്‍ക്ക് സൗജന്യ ഓണ്‍ ലൈന്‍ മെഡിക്കല്‍ കണ്‍സല്‍ട്ടേഷനും കൗണ്‍സിലിംഗുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം രംഗത്ത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാവുകയും ആരോഗ്യ മേഖലയില്‍ മൊത്തത്തില്‍ നേരിട്ടുള്ള പരിശോധനകള്‍ നിയന്ത്രിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് ഏറെ സഹായകമായ പദ്ധതിയാണിത്.
ആശങ്കകളുടെ നടുവില്‍ അസ്വസ്ഥരാകുന്നവര്‍ക്ക് പ്രഗല്‍ഭരായ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമെന്നത് വലിയ ആശ്വാസമാണ്. മാതൃഭാഷയില്‍ ആശയവിനിമയം നടത്തി ആശങ്കകളകറ്റാനുള്ള സൗകര്യമാണ് ഈ സേവനത്തിന്റെ എടുത്തുപറയാവുന്ന സവിശേഷത.
എന്നും സേവന സന്നദ്ധരായി മുന്‍പന്തിയിലുള്ള ഇന്ത്യന്‍ ഡോക്ടേര്‍സ് ക്‌ളബ്ബ് കോവിഡിന്റെ ആദ്യ തരംഗം സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചപ്പോഴും ഓണ്‍ ലൈനില്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. വിവിധ സ്‌പെഷ്യാലിസ്റ്റ് ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ഉള്‍കൊള്ളുന്ന പാനലാണ് സേവനത്തിന് തയ്യാറായി രംഗത്തുള്ളത്.