Uncategorized

റമദാന്‍ മാസത്തില്‍ ദുര്‍ബലരായ 61,865 പേര്‍ക്ക് സഹായവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : റമദാന്‍ മാസത്തില്‍ ദുര്‍ബലരായ 61,865 പേര്‍ക്ക് സഹായവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. റമദാന്‍ കാമ്പയ്ന്‍ 1442 ന്റെ ഭാഗമായി ഖത്തറിലെ പതിനായിരക്കണക്കിന് ദുര്‍ബല വിഭാഗങ്ങളുടെ പ്രയോജനത്തിനായി നിരവധി ചാരിറ്റബിള്‍ പ്രോജക്ടുകള്‍ക്കാണ് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി തുടക്കം കുറിച്ചത്.

റമദാന്‍ ഇഫ്താര്‍, സകാത്തുല്‍ ഫിത്വര്‍, ഈദ് വസ്ത്രങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഖത്തറിലെ തൊഴിലാളികള്‍, രോഗികള്‍, ദരിദ്ര കുടുംബങ്ങള്‍ എന്നിങ്ങനെയുള്ള ദുര്‍ബലരായ 61,865 ഗുണഭോക്താക്കളെയാണ് ഈ ഭക്ഷണവും കാലാനുസൃതവുമായ സഹായവും ലക്ഷ്യമിടുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെയും കര്‍ശനമായ പ്രതിരോധ നടപടികളുടെയും വെളിച്ചത്തില്‍ പാക്ക് ചെയ്ത ഭക്ഷണ കിറ്റുകളാണ് ഇഫ്താര്‍ പദ്ധതിയില്‍ നല്‍കുന്നത്. വിശുദ്ധ റമദാന്‍ മാസത്തിലുടനീളം, രാജ്യമെമ്പാടുമുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ദിവസേന ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. മൊത്തം 1.2 ദശലക്ഷം റിയാല്‍ ചെലവില്‍, ഈ പദ്ധതി 48,000 ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളും.

ആശുപത്രികളിലെ രോഗികള്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും എല്ലാ ദിവസവും ഭക്ഷണം വിതരണം ചെയ്യുന്ന കോര്‍ഡിയാലിറ്റി ഇഫ്താറാണ് മറ്റൊരു പദ്ധതി. 262,000 റിയാല്‍ ചിലവില്‍ 7,500 ഗുണഭോക്താക്കളെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 1,220 ഗുണഭോക്താക്കള്‍ക്ക് നോമ്പുകാലം മുഴുവന്‍ അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി മൊത്തം 280,000 റിയാല്‍ ചെലവില്‍ പര്‍ച്ചേസ് വൗച്ചറുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നടപ്പിലാക്കുന്ന മൂന്നാമത്തെ പ്രോജക്റ്റ്

പതിവുപോലെ ഈ വര്‍ഷവും സകാത്തുല്‍ ഫിത്വര്‍ ശേഖരിക്കുവാന്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി രംഗത്തുണ്ട്. ഈ തുക
ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 2,250 പേര്‍ക്ക് പര്‍ച്ചേസ് വൗച്ചറുകള്‍ വിതരണം ചെയ്യുന്നതിനായയി ഉപയോഗിക്കും. ഈ പ്രോജക്റ്റിന് ആകെ 517,000 റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഈദുല്‍ ഫിത്വറിന് ് 500,835 റിയാലിന്റെ പര്‍ച്ചേസ് വൗച്ചറുകള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. അവരുടെ കുട്ടികള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനും അവര്‍ക്ക് ഈദിന്റെ സന്തോഷം അനുഭവിക്കാനും കഴിയും. മൊത്തം 2,895 ഗുണഭോക്താക്കളാണ് ഈ പദ്ധതിയിലുണ്ടാവുക.

Related Articles

Back to top button
error: Content is protected !!