ഖത്തറില്‍ രണ്ട് മാസത്തിനകം പ്രായപൂര്‍ത്തിയായ 60 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്നും നിലവിലെ വേഗത തുടര്‍ന്നാല്‍ അര്‍ഹരായ ജനസംഖ്യയുടെ 60% പേര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.
വാക്‌സിനേഷന്‍ യോഗ്യരായ ജനസംഖ്യയുടെ 80% എത്തിക്കഴിഞ്ഞാല്‍, ജീവിതം സാധാരണ നിലയിലാകുമെന്നും അവര്‍ പറഞ്ഞു. ഖത്തറില്‍ ഉപയോഗിച്ച വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1.2 മില്ല്യണ്‍ കവിഞ്ഞു. എങ്കിലും പ്രായമായ പലരും വാക്‌സിന്‍ സ്വീകരിക്കാത്തവരായുണ്ട് എന്നത് അവഗണിക്കരുതെന്ന് അവര്‍ പറഞ്ഞു.
’16 വയസ്സിന് താഴെയുള്ളവര്‍ രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗമാണ്. കോവിഡ്19 നെതിരെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള സാധ്യതയും പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട മറ്റെല്ലാ ഗവേഷണങ്ങളും ഖത്തര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഖത്തറില്‍ പ്രതിദിനം ഏകദേശം 25,000 ത്തോളം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്ന് ഡോ. അല്‍ ബയാത്ത് പറഞ്ഞു. ഡ്രൈവ് ത്രൂ സൗകര്യങ്ങളില്‍ 84,666 ഡോസ് വാക്‌സിനുകള്‍ നല്‍കി. ലുസൈല്‍ (60,129), അല്‍ വകറ (24,537)
ഖത്തര്‍ പ്രഖ്യാപിച്ച സുരക്ഷമുന്‍കരുതല്‍ നടപടികള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ പ്രാധാന്യവും ഡോ. ബയാത്ത് ഊന്നിപ്പറഞ്ഞു.
ഉയര്‍ന്ന തോതിലുള്ള അണുബാധ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിലവിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ അധികാരികളുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം ഏറെയാണെന്ന് അവര്‍ പറഞ്ഞു. വാക്‌സിനെടുത്തും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചും കോവിഡിനെ ക്രിയാത്മകമായി പ്രതിരോധിക്കുവാന്‍ അവര്‍ പൊതുജനങ്ങളെ ആഹ്വാനം ചെയ്തു