തൊഴിലാളി ക്ഷേമ പദ്ധതിയുമായി ഖത്തര്‍ മുന്നോട്ടുപോകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള തൊഴിലാളി ക്ഷേമ പദ്ധതിയുമായി ഖത്തര്‍ മുന്നോട്ടുപോകുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി യൂസഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ് മാന്‍ ഫഖ്റൂ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസന നവോത്ഥാനത്തില്‍ പങ്കാളിയെന്ന നിലയില്‍ എല്ലാ തൊഴിലാളികളുടേയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുച്ചുവരികയാണെന്നും പുതിയ തൊഴില്‍ മാറ്റ വ്യവസ്ഥകള്‍ നടപ്പാകുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ തൊഴില്‍ ദിനമാചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . വ്യത്യസ്ത തൊഴിലുടമകള്‍ക്കിടയില്‍ തൊഴിലാളികളുടെ മാറ്റം സുഗമമാക്കുന്ന നിയമനിര്‍മ്മാണങ്ങളും തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വിവേചനരഹിതമായ മിനിമം വേതന നിയമവും ഖത്തറിലെ തൊഴില്‍ രംഗത്ത് വിപ്‌ളവകരമായ മാറ്റം സൃഷ്ടിക്കുമെന്ന അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ജോലി സ്ഥലങ്ങളിലും തൊഴിലാളികളുടെ ഭവനങ്ങളിലും മാന്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. കൊറോണ വൈറസിന്റെ (കോവിഡ് -19) വ്യാപനം പരിമിതപ്പെടുത്തുന്നതിനും തൊഴിലാളികളെ പരിരക്ഷിക്കുന്നതിനുമായി എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പരിപാടികളാണ് നടന്നുവരുന്നത്.