ഹമീദ ഖാദര്‍, സി.ബി. എസ്.ഇ കൗണ്‍സിലര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദറിനെ ഖത്തറിലെ സി.ബി.എസ്.ഇ കൗണ്‍സിലറായി നിശ്ചയിച്ചു. ബോര്‍ഡ് പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രീ-എക്സാമിനേഷന്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തെ മറികടക്കുന്നതിന് തയ്യാറാക്കുന്നതിനുമാണ് മൂന്ന് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ പരിചയവും ചൈല്‍ഡ് സൈക്കോളജിയില്‍ ഡിപ്ളോമയുമുള്ള ഹമീദ ഖാദറിനെ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തോളമായി സി.ബി.എസ്.ഇ കൗണ്‍സിലറായി ഹമീദ ഖാദര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്
കോവിഡിന്റെ അനിശ്ചിതത്വങ്ങള്‍ക്കിടയിലെ മാനസിക ആഘാതം നേരിടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ”സിബിഎസ്ഇ ദോസ്റ്റ് ഫോര്‍ ലൈഫ്” എന്ന ഒരു കൗണ്‍സിലിംഗ് ആപ്പും പുറത്തിറക്കിയിട്ടുണ്ട്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകമാകും.
പരീക്ഷാ ഉത്കണ്ഠ, ഇന്റര്‍നെറ്റ് ആസക്തി, വിഷാദം, നിര്‍ദ്ദിഷ്ട പഠന വൈകല്യം, പരീക്ഷയുമായി ബന്ധപ്പെട്ട ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ഈ ആപ്ലിക്കേഷന്‍ പരിഹരിക്കും. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡുചെയ്യാം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമായ ടൈം സ്ളോട്ടുകളില്‍ സൗകര്യമായ സമയം തിരഞ്ഞെടുക്കാം: രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെയുമാണ് ലഭ്യമായ ടൈം സ്ളോട്ടുകള്‍.