Uncategorized

ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള യാത്ര, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും യാത്രാ, മടക്ക നയം പിന്തുടരുകയാണെങ്കില്‍ ഏത് സമയത്തും ഖത്തറിലേക്ക്് പ്രവേശിക്കാം.

ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലെത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്നുമെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

പ്രാദേശികമായി അംഗീകൃത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ അവരുടെ മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കണം .

ഖത്തര്‍ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവസാന ഡോസ് എടുത്ത് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞാല്‍ ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. അതിനായി ഔദ്യോഗികമായ വാക്‌സിനേഷന്‍ കാര്‍ഡോ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

നിലവില്‍ ഫൈസര്‍ ആന്റ് ബയോന്‍ടെക്, മൊഡേണ, ആസ്ട്രാസെനക്ക, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്.

കുത്തിവയ്പ് എടുക്കാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ അവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ മാതാപിതാക്കളോടൊപ്പമാണ് ഖത്തറിലേക്ക് യാത്രചെയ്യുന്നതെങ്കിലും 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. ഖത്തറിലേക്ക് വരുന്നതിനുമുമ്പ് ‘ഡിസ്‌കവര്‍ ഖത്തര്‍’ വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. മാതാപിതാക്കളില്‍ ഒരാളെ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കും. ഒരാള്‍ കുട്ടികളോടൊപ്പം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. ഈ സമയത്ത് ഇഹ് തിറാസ് ആപ്ലിക്കേഷനിലെ അവന്റെ / അവളുടെ സ്റ്റാറ്റസ് മഞ്ഞ യായിരിക്കും. ഈ സമയത്ത് മാതാപിതാക്കള്‍ക്ക് അവരുടെ റോളുകള്‍ കൈമാറാന്‍ കഴിയില്ല.

ശരിയായ സര്‍ട്ടിഫിക്കേഷനും നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റിനും വിധേയമായി, നേരത്തെ കോവിഡ് ബാധിച്ച് ഭേദമായ ജിസിസി പൗരന്മാരെയും താമസക്കാരെയയും ഒരു ഡോസ് വാക്‌സിനേ എടുത്തിട്ടുള്ളൂവെങ്കിലും വാക്‌സിനേഷന്‍ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടാല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കും.

രണ്ടാഴ്ച കഴിഞ്ഞാല്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവര്‍ക്കും ഇതേ ഇളവ് ബാധകമാണ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ കരമാര്‍ഗം അബു സമ്ര ബോര്‍ഡര്‍ വഴിയോ ഖത്തറിലേക്ക് പ്രവേശിക്കുന്ന ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമാണ് ക്വാറന്റൈന്‍ ഇളവ് ബാധകമാവുക

ക്വാറന്റൈന്‍ ഇളവ്് ലഭിക്കുവാന്‍ ജിസിസി പൗരന്മാരും താമസക്കാരും അവരുടെ ഓരോ ഡോസിന്റെയും തീയതിയോടുകൂടിയ അംഗീകൃത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അണുബാധയുടെ തീയതി കാണിക്കുന്ന അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
ഖത്തറില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം എന്നിവ ഹാജറാക്കണം.

ജിസിസി പൗരന്മാരും താമസക്കാരും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലോ അബു സാമ്രയിലോ പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിന്റെ ചാര്‍ജായ 300 റിയാല്‍ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലോ അബൂ സംറ ബോര്‍ഡറിലെ ക്‌ളിനിക്കിലോ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വ്യക്തിയുടെ മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഒരു ഓണ്‍ലൈന്‍ ലിങ്ക് വഴി അടക്കണം.

എന്നാല്‍ ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്ന ജിസിസി പൗരന്മാര്‍ക്കോ താമസക്കാര്‍ക്കോ ഈ ഇളവുകള്‍ ബാധകമല്ല. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയ ഹോട്ടലുകളില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്

Related Articles

Back to top button
error: Content is protected !!