ഈ വര്‍ഷം 6000 ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന്റെ വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നായി ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതി ഈ വര്‍ഷം ഉപേക്ഷിച്ച 6,000 വാഹനങ്ങള്‍ നീക്കം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഉപേക്ഷിക്കപ്പെട്ട പതിനായിരത്തിലധികം വാഹനങ്ങള്‍ 2021 ജനുവരി മുതല്‍ വിവിധ മുനിസിപ്പാലിറ്റികള്‍ മാര്‍ക്ക് ചെയ്തു. 6000 വാഹനങ്ങളാണ് നീക്കം ചെയ്തതെന്ന് ദോഹ മുനിസിപ്പാലിറ്റി ജനറല്‍ മോണിറ്ററിംഗ് വിഭാഗം മേധാവി ഹമദ് സുല്‍ത്താന്‍ അല്‍ ഷഹ്വാനി പറഞ്ഞു.ഇന്നലെ അല്‍ വകറ മുനിസിപ്പാലിറ്റിയില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള പുതിയ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ജോയിന്റ് കമ്മിറ്റി അംഗം കൂടിയായ അല്‍ ഷഹ്‌വാനി.
അല്‍ വകറ മുനിസിപ്പാലിറ്റിയിലുടനീളം നീക്കം ചെയ്യപ്പെടുന്നതിനായി അടയാളപ്പെടുത്തിയിരുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെല്ലാം നീക്കം ചെയ്യുന്നതുവരെ കമ്മിറ്റി ആരംഭിച്ച കാമ്പയിന്‍ രണ്ടാഴ്ച തുടരുമെന്ന്് അല്‍ ഷഹ്വാനി പറഞ്ഞു.
2021 ല്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കമ്മിറ്റി കര്‍മപദ്ധതി പ്രകാരം നടക്കുന്ന എട്ടാമത്തെ കാമ്പയിനാണിതെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ ഷമാലില്‍ നിന്നാണ് ഈ വര്‍ഷത്തെ പ്രചരണം ആരംഭിച്ചത്. പിന്നീട് അത് അല്‍ ഖോര്‍, അല്‍ ദഖിറ, അല്‍ ദായെന്‍, ഉം സലാല്‍, അല്‍ ഷഹാനിയ എന്നിവിടങ്ങളിലേക്ക് നീങ്ങി. ഇപ്പോള്‍ അല്‍ വകറയില്‍ എത്തിയിരിക്കുകയാണ്. അല്‍ വകറ മുനിസിപ്പാലിറ്റിയിലുടനീളം ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യുന്നതുവരെ ഇത് തുടരും.
അല്‍ വകറ മുനിസിപ്പാലിറ്റിയിലെ കാമ്പയിന്‍ പൂര്‍ത്തിയാകുന്നതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് നീങ്ങാനാണ് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.