IM Special

ഭരത നാട്യ മുദ്രകളില്‍ റിക്കോര്‍ഡ് സ്വന്തമാക്കി ആര്യ പി അജയ്

ഡോ. അമാനുല്ല വടക്കാങ്ങര

ഭരത നാട്യ മുദ്രകളില്‍ റിക്കോര്‍ഡ് സ്വന്തമാക്കി മലയാളി ബാലിക. ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌ക്കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി ആര്യ പി അജയ് ആണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ഭരതനാട്യ മുദ്രകള്‍ പ്രദര്‍ശിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

40 സെക്കന്‍ഡിനുള്ളില്‍ 87 മുദ്രകള്‍ കാണിച്ചാണ് ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവ ആര്യ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുദ്രകള്‍ വിടാതെ പറഞ്ഞും കാണിച്ചും ആര്യ തന്റെ മികവ് ബോധ്യപ്പെടുത്തി. പാലക്കാട് ജില്ലയിലെ ചെര്‍പുളശ്ശേരി സ്വദേശിയാണ്.

വുഖൂദിന് കീഴിലുള്ള ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ കമ്പനിയായ ഫഹസില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ അജയ് ബാലകൃഷ്ണന്റേയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നഴ്സായി ജോലി ചെയ്യുന്ന സൗമ്യയുടേയും സീമന്ത പുത്രിയായ ആര്യ കഴിഞ്ഞ പത്ത് മാസത്തോളമായി നൃത്ത്യ ഡാന്‍സ് സ്‌ക്കൂളില്‍ സ്വാതി കൃഷ്ണ ടീച്ചറുടെ കീഴില്‍ പ്രശസ്ത ക്ലാസിക്കല്‍ നൃത്തമായ ഭരതനാട്യം പഠിക്കുന്നുണ്ട്. ആര്യയുടെ അമ്മ ഭരതനാട്യം പഠിക്കുകയും നഴ്‌സിംഗ് കോളേജ് വരെ പല വേദികളിലും നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വരകളിലും ബൈക്ക് റേസിംഗിലുമാണ് ആര്യയുടെ അച്ഛന്‍ അജയ്ക്ക് കമ്പം. നൃത്തവും വരയും സമന്വയിക്കുന്ന കലാപാരമ്പര്യവും ചുറ്റുപാടുകളും തന്നെയാകാം ഈ കൊച്ചുകുരുന്നില്‍ ഈ കഴിവുകളുടെ വിത്തുപാകിയത്.

പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മിടുക്കിയായ ആര്യ സ്‌ക്കൂളില്‍ വിവിധ പരിപാടികളവതരിപ്പിച്ചിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സ്, ക്ളേ മോഡലിംഗ്, കഥ പറച്ചില്‍, ഷോ ആന്റ് ടെല്‍ മല്‍സരങ്ങള്‍ എന്നിവയിലും സമ്മാനം നേടിയിട്ടുണ്ട്. നൃത്തനൃത്യങ്ങളും പാട്ടും വരയുമെല്ലാം ഹോബിയായി കൊണ്ടു നടക്കുന്ന ഈ കൊച്ചുമിടുക്കി ജനിച്ചത് നാട്ടിലാണെങ്കിലും കൊച്ചുനാള്‍ മുതലേ ഖത്തറിലാണുള്ളത്. മൂന്ന് വയസ്സിലേ ഭരതനാട്യം പഠിക്കുവാന്‍ ഖത്തറിലെ പല സെന്ററുകളേയും സമീപിച്ചെങ്കിലും ആ പ്രായത്തില്‍ ആരും പ്രവേശനം അനുവദിച്ചില്ല. എന്നാല്‍ കോവിഡ് കാലത്ത് ഓണ്‍ ലൈനായി പഠിച്ചാണ് ആര്യ ഭരതനാട്യത്തില്‍ മുന്നേറുന്നത്.


ഏകതാദിവസത്തിന്റെ ഭാഗമായി നടന്ന ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ ലൈന്‍ ആര്‍ട്സ് ആന്റ് കള്‍ചറല്‍ മല്‍സരത്തില്‍ ക്ളേ മോഡലിംഗില്‍ ആര്യക്കായിരുന്നു രണ്ടാം സ്ഥാനം.
യഥു കൃഷ്ണയുടെ കീഴില്‍ പാട്ടുപഠിക്കാനും ആര്യ സമയം കണ്ടെത്തുന്നുവെന്നത് ഈ കൊച്ചുകലാകാരിയുടെ കലാ കമ്പത്തിന്റെ സാക്ഷ്യ പത്രമാണ്. പാട്ടാണോ നൃത്തമാണോ ഏറ്റവും പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് രണ്ടും ഒരു പോലെ ഇഷ്ടപ്പെടുന്നുവെന്നാണ് ആര്യ പറഞ്ഞത്.

ബിര്‍ള പബ്ളിക് സ്‌ക്കൂളിലെ കെ.ജി. വിദ്യാര്‍ഥി അര്‍ജുന്‍ സായ് സഹോദരനും ആദിത്യ സഹോദരിയുമാണ്.

ഭരതനാട്യ മുദ്രകളില്‍ റിക്കോര്‍ഡ് സ്വന്തമാക്കിയ ആര്യ പി അജയ്ക്ക് വിജയമന്ത്രങ്ങളുടെ കോപ്പി ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിക്കുന്നു

Related Articles

Back to top button
error: Content is protected !!