Uncategorized

സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറം ഖത്തറും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറം ഖത്തറും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുമെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയ വക്താവുമായ ലുല്വാ അല്‍ ഖാഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു.റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഖത്തറും റഷ്യയും തമ്മിലുള്ള കൂടുതല്‍ സഹകരണങ്ങള്‍ക്ക് ഈ വേദി സഹായകമാകുമെന്ന പ്രതീക്ഷ അല്‍ ഖാഥര്‍ പങ്കുവെച്ചത്. നിലവില്‍ റഷ്യയിലെ വിവിധ മേഖലകളിലുള്ള ഖത്തറി നിക്ഷേപം 13 ബില്യണ്‍ ഡോളറാണ്.


ലോക നേതാക്കള്‍, വിദഗ്ധര്‍, അക്കാദമിക വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായുള്ള സംഭാഷണത്തിനുള്ള ഒരു തുറന്ന വേദിയായ ദോഹ ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലക്ക് ഇന്നു മുതല്‍ ജൂണ്‍ 5 വരെ നടക്കുന്ന ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനായി ദോഹ ഫോറം റഷ്യയിലേക്ക് പോകുന്നത് ഇതാദ്യമാണെന്നും റഷ്യന്‍ ഫെഡറേഷനില്‍ ദോഹ ഫോറത്തിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുവാന്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌ഫോറം ബന്ധം കാരണണമാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പശ്ചിമേഷ്യയും വടക്കേ ആഫ്രിക്കയും: സ്ഥിരതയിലേക്കും അഭിവൃദ്ധിയിലേക്കും ചുവടുകള്‍ എന്ന തലക്കെട്ടില്‍ തുറന്ന അഭിമുഖത്തില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഥാനി പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു.

നിക്ഷേപത്തിനും സംയുക്ത സഹകരണത്തിനുമുള്ള അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിരവധി റഷ്യന്‍ ബിസിനസുകാരെ സന്ദര്‍ശിക്കുന്നതിനൊപ്പം ഉഭയകക്ഷി ബന്ധവും മേഖലയിലെ പ്രശ്‌നങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ പറഞ്ഞു.

50 പ്രമുഖ ഖത്തറി പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട് . ഇക്കണോമമിക് ഫോറത്തില്‍ അതിഥി രാജ്യം എന്ന പ്രത്യേക പദവിയുള്ള ഖത്തറിന് വിശാലമായ പവലിയനാണ് സംഘാകര്‍ അനുവദിച്ചിരിക്കുന്നത്. ദേശീയ പവലിയനില്‍ ദേശീയതലത്തില്‍ വന്‍കിട ബിസിനസ് പദ്ധതികള്‍ ഖത്തര്‍ അവതരിപ്പിക്കും. നിരവധി ബിസിനസ്സ്-ടു-ബിസിനസ് മീറ്റിംഗുകളും ഖത്തരീ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!