Breaking News

സൈക്യാട്രിക് മരുന്നുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ദുരുപയോഗ സാധ്യതയുള്ളതിനാല്‍ സൈക്യാട്രിക് മരുന്നുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് അധികൃതര്‍. നാട്ടില്‍ നിന്നും ഇത്തരം മരുന്നുകള്‍ കൊണ്ട് വരുന്നതിന് കണിശമായ നിയന്ത്രണങ്ങളുണ്ട്.

അംഗീകൃത ഡോക്ടറുടെ വിശദമായ കുറിപ്പോടെ മാത്രമേ ഇത്തരം മരുന്നുകള്‍ കൊണ്ടു വരാവൂ. അതില്‍ രോഗിയുടെ പേര്, പ്രായം, രോഗ വിവരം, മരുന്നിലെ ഘടകങ്ങള്‍ എന്നിവ വ്യക്തമാക്കിയിരിക്കണം. കുറിപ്പ് ആറ് മാസത്തിലധികം പഴയതാവരുത് എന്നും നിര്‍ദേശമുണ്ട്. രോഗി മാത്രമേ ഇത്തരം മരുന്നുകള്‍ കൊണ്ട് വരാവൂ, ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോര്‍സ്‌മെന്റ് വിഭാഗത്തിലെ മീഡിയ ആന്റ് അവേര്‍ണസ് വിഭാഗം ഓഫീസര്‍ ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുല്ല ഖാസിം പറഞ്ഞു. ലോകലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഇത്തരം മരുന്നുകള്‍ മറ്റുള്ളവര്‍ കൊണ്ടുവരരുതെന്ന് അദ്ദേഹം മുന്നറിയിപ്പ്് നല്‍കി . പല മരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കര്‍ശനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്.

ലഹരി വിരുദ്ധ ബോധവല്‍ക്കരണ രംഗത്ത് സമൂഹം ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പേര്‍ വെബിനാറില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!