Uncategorized

മുവാസ്വലാത്തിന്റെ പ്രഥമ ഇലക്ട്രിക് ബസ് ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : മുവാസ്വലാത്തിന്റെ പ്രഥമ ഇലക്ട്രിക് ബസ് ചാര്‍ജിംഗ് സ്റ്റേഷന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതി ഉദ്ഘാടനം ചെയ്തു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നായുള്ള പൊതുഗതാഗത സേവനത്തിനായെത്തിയ ദോഹയിലെത്തിയ ആദ്യത്തെ ബാച്ച് ഇലക്ട്രിക് ബസുകളുടെ വരവോടെയാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ഒരു പരിസ്ഥിതി സൗഹൃദ, കാര്‍ബണ്‍-ന്യൂട്രല്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളുന്നതിനുള്ള ഖത്തറിന്റെ ആസൂത്രണത്തിന്റെ ഭാഗമാണിത്.

ഖത്തറിലെ തെരുവ്, കാലാവസ്ഥാ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ബസുകളില്‍ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും പുതിയതും സുരക്ഷിതവുമായ തെളിയിക്കപ്പെട്ട ബാറ്ററി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലുള്ള 350 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ശരാശരി 200 കിലോമീറ്ററില്‍ കൂടുതല്‍ ഓടാനാകും.

മുവാസലത്ത് (കര്‍വ) ഇലക്ട്രിക് ബസ് ചാര്‍ജിംഗ് സ്റ്റേഷന്റെ പരീക്ഷണ പ്രവര്‍ത്തനം ഇലക്ട്രിക് വെഹിക്കിള്‍ സ്ട്രാറ്റജി നടപ്പിലാക്കുന്നതിനുള്ള ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നടപടിയുടെ ഭാഗമാണ്. ഇത് ഖത്തര്‍ വിഷന്‍ 2030 ലെ പൊതുഗതാഗത പദ്ധതിയനുസരിച്ചുള്ള മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സുപ്രീം കമ്മിറ്റി ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അബ്ദുല്ല അല്‍ തവാദി, പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) പ്രസിഡന്റും കര്‍വ ചെര്‍മാനുമായ സഅദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി, ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) പ്രസിഡന്റ് ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരി, ഖത്തറിലെ ചൈന അംബാസഡര്‍ ഷൗ ജിയാന്‍, തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

പൊതുമരാമത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാം ബസ് വെയര്‍ഹൗസുകളുമായും സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് കാര്യമായ മുന്നേറ്റം നടത്തുന്നുണ്ടെന്നും പാര്‍ക്കിന്റെയും റൈഡ് പാര്‍ക്കിംഗ് സ്ഥലങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അവയില്‍ രണ്ടെണ്ണം അല്‍കസ്സറിലും അല്‍ വക്രയിലും ഉദ്ഘാടനം ചെയ്തു, ലുസൈല്‍, എഡ്യൂക്കേഷന്‍ സിറ്റി എന്നിവിടങ്ങളില്‍ ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറക്കും.

ലുസൈല്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇത് എല്ലാ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അശ്ഗാല്‍ നല്‍കിയിട്ടുണ്ട്, കൂടാതെ ഡബിള്‍ ഗണ്‍ ചാര്‍ജറുകളും സിംഗിള്‍ ചാര്‍ജറുകളും ഉള്‍പ്പെടെ വിവിധ തരം ചാര്‍ജിംഗ് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുവശത്തുനിന്നും ബസുകള്‍ ചാര്‍ജ് ചെയ്യുന്നതിന് പുറമേ ടോപ്‌സൈഡില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നതിന് പാന്റോഗ്രാഫുകളും ഫീഡര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് പ്രത്യേക അറകളുമുണ്ട്.

Related Articles

Back to top button
error: Content is protected !!