ഭിന്ന ശേഷിയില്‍പ്പെട്ട കുട്ടികളെ കൂടി പരിഗണിക്കുന്ന തരത്തിലേക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കണം ; ജെ.കെ.മേനോന്‍
ദോഹ : സംസ്ഥാനത്തെ ഭിന്ന ശേഷിയില്‍പ്പെട്ട കുട്ടികളെ കൂടി പരിഗണിക്കുന്ന തരത്തിലെക്ക് പുതിയ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി തയാറാക്കണമെന്ന് നോര്‍ക്ക ഡയറക്ടറും, ബെഹ്‌സാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ.മേനോന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച പ്രവാസികളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെ.കെ.മേനോന്‍.
വീടുകളില്‍ കഴിയുന്ന സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ വഴി പഠിപ്പിക്കാന്‍ പ്രത്യേക സംവിധനമൊരുക്കണം. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിയോ തെറാപ്പി പോലുള്ള സ്‌പെഷ്യല്‍ കെയറുകള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പോയി ചെയാന്‍ കഴിയണം. സ്‌പെഷ്യല്‍ സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസ നയം രൂപികരിക്കണമെന്നും ജെ.കെ.മേനോന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി പ്രത്യേക ഡിജിറ്റല്‍ ആപ്ലിക്കഷേന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുക്കണമെന്ന് നോര്‍ക്ക ഡയറക്ടറും, ബെഹ്‌സാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ.മേനോന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കിവേണം പദ്ധതിയുമായി മുന്നോട്ടുപോകാനെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്നം പരിഹരിക്കാന്‍ കെഫോണ്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതോടേ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും ജെ.കെ.മേനോന്‍ കൂട്ടിചേര്‍ത്തു.
ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.എ എബ്രഹാം, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്‍ ഐ.എ.എസ്, ഐ.ടി.പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡോ.രവിപിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ.എം.അനിരുദ്ധന്‍, ഒ.വി.മുസ്തഫ, സി.വി.റപ്പായി തുടങ്ങി നിരവധി പ്രവാസി വ്യവസായ പ്രമുഖര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.