ഖത്തറില്‍ വിസ കച്ചവടത്തിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വിസ കച്ചവടത്തിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. വിസകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഗുരുതരമായ കുറ്റമാണെന്നും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കണിശമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ സര്‍ച്ച് ആന്റ് ഫോളോ അപ്പ് ഓഫീസര്‍ ഫസ്റ്റ് ലഫ്റ്റനന്റ് അഹ് മദ് അ്ബ്ദുല്ല സാലിം ഗുറാബ് അല്‍ മിര്‍രി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയം പബ്‌ളിക് റിലേഷന്‍സ്് വകുപ്പ് സംഘടിപ്പിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസ കച്ചവടം നടത്തുന്നവര്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവോ 50000 റിയാല്‍ വരെ പിഴയോ ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാലായി ഉയര്‍ത്തും.
ഓടിപ്പോകുന്ന തൊഴിലാളികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സര്‍ച്ച് ആന്റ്് ഫോളോ അപ്പ് ഓഫീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ പാസ്‌പോര്‍ട്ട് റസിഡന്റ് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരിച്ചുനല്‍കണം. ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അനധികൃതമായി കൈവശം വെക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ 25000 റിയയാല്‍ വരെ പിഴ ചുമത്താം.
ഓടിപ്പോകുന്ന ജീവനക്കാരുടെ വിവരം രേഖപ്പെടുത്താനുള്ള സംവിധാനം മെട്രാഷ് 2 ല്‍ ഉടനെയുണ്ടാകും. ഓടിപ്പോയ ജീവനക്കാരുടെ സ്റ്റാറ്റസ് അറിയുവാനും ഇത് സഹായകമാകും. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഓടിപ്പോയ തൊഴിലാളികളുടെ വിവരം റിപ്പോര്‍ട്ടുചെയ്യുന്നതിനുളള ലിങ്ക് സജ്ജീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫിംഗര്‍ പ്രിന്റ് സേവന കേന്ദ്രം ഈദുല്‍ അദ്ഹ അവധി കഴിഞ്ഞ് വൈകുന്നേരവും പ്രവര്‍ത്തിക്കുമെന്ന് മറ്റൊരു വെബിനാറില്‍ സംസാരിച്ച ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുല്‍ അസീസ്് സാലെഹ് അല്‍ റഷീദി പറഞ്ഞു. നിലവില്‍ രാവിലെ 6 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയാണ് ഫിംഗര്‍ പ്രിന്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.