ഖത്തറില്‍ പുതിയ ട്രാവല്‍നയം, മാര്‍ക്കറ്റ് ഉണര്‍ന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ ഖത്തര്‍ പൊതുജനനാരോഗ്യ മന്ത്രാലയം പുതിയ ട്രാവല്‍ നയം പ്രഖ്യാപിച്ചതോടെ മാര്‍ക്കറ്റില്‍ വമ്പിച്ച പ്രതികരണമാണുണ്ടാക്കിയത്. ഭീമമായ ക്വാറന്റൈന്‍ തുക താങ്ങാനാവാതെ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരുന്ന പലരും തീരുമാനം മാറ്റി . ആയിരക്കണക്കിനാളുകളാണ് ഇന്നലെ വൈകുന്നേരം മുതല്‍ ട്രാവല്‍ ഏജന്‍സികളില്‍ ടിക്കറ്റന്വേഷിച്ചെത്തിയത് .
ഡിമാന്റ് വര്‍ദ്ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതായാണ് വിവരം.
ഖത്തറിലെ പല പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഇന്നലെ ഉപഭോക്താക്കളെ കൊണ്ട് വീര്‍പ്പുമുട്ടി. സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാല്‍ പകുതി ശേഷിയിലേ പ്രവര്‍ത്തിക്കാനാവൂ. അതുകൊണ്ട് പലപ്പോഴും പ്രവേശനം നിയന്ത്രിക്കേണ്ടി വന്നു. പല ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുമ്പില്‍ പ്രവേശനം കാത്തുനില്‍ക്കുന്നവരുടെ നീണ്ട ക്യൂ കാണാമായിരുന്നു.
സാധാരണ ഗതിയില്‍ തന്നെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നല്ല തിരക്കുണ്ടാവാറുണ്ട്. എന്നാല്‍ ഇന്നലെ പുതിയ ട്രാവല്‍ നയം പ്രഖ്യാപിച്ച ശേഷം അസാധാരണമായ തിരക്കാണനുഭവപ്പെട്ടത്.
ആളുകള്‍ നാട്ടിലേക്ക് പോകാന്‍ തുടങ്ങുന്നതോടെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലും മികച്ച കച്ചവടം നടക്കുമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ യാത്രകള്‍ കുറഞ്ഞതോടെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ കച്ചവടം കൂടുതലായും ഫുഡ് വിഭാഗത്തിലായിരുന്നു. ഡിപ്പാര്‍ട്‌മെന്ററ് സ്റ്റോറുകളിലും കൂടി കച്ചവടമുണ്ടാകുമ്പോഴാണ് ബിസിനസ് നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുവാനാവുകയെന്ന് ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവി പറഞ്ഞു.
പുതിയ യാതാ നയം വന്നതോടെ ധാരാളമാളുകള്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് . ഖത്തറില്‍ പെരുന്നാള്‍ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ 18 മുതല്‍ 25 വരെയായിരിക്കും അവധി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
ജൂലൈ 18 ഞായറാഴ്ചയായതിനാല്‍ ജൂലൈ 15 വൈകുന്നേരം തന്നെ യാത്ര ചെയ്യാനാകും.