ഖത്തറിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രത്യേക ഹോളിഡേ പാക്കേജുമായി ഡിസ്‌കവര്‍ ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് ഖത്തറിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രത്യേക ഹോളിഡേ പാക്കേജുമായി ഡിസ്‌കവര്‍ ഖത്തര്‍ രംഗത്തെത്തി.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചതിന് പിന്നാലെയാണ് ടൂറിസം മേഖലക്ക് കരുത്തേകുന്ന തരത്തില്‍ സവിശേഷമായ ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്സിന്റെ ഹോളിഡേ ഡെസ്റ്റിനേഷന്‍ കമ്പനിയായ ഡിസ്‌കവര്‍ ഖത്തര്‍ രംഗത്തെത്തിയത്.
ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ എല്ലാ വിനോദസഞ്ചാരികള്‍ക്കും ഖത്തറില്‍ താമസിക്കുന്ന അത്രയും ദിവസത്തേക്കുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കണം. റിട്ടേണണ്‍ ടിക്കറ്റിലെ തിയ്യതിലും ഹോട്ടല്‍ ബുക്കിംഗും കൃത്യമാകുകയും വേണം.
ഖത്തര്‍ സന്ദര്‍ശനത്തിനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച താമസാനുഭവം സമ്മാനിക്കുന്നതിന് ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സുമായി സഹകരിച്ച് ഡിസ്‌കവര്‍ ഖത്തര്‍ നിരവധി ഹോട്ടലുകളില്‍ മികച്ച നിരക്കില്‍ എക്‌സ്‌ക്ലൂസീവ് ഡീലുകളാണ് വാഗ്ദാനം ചെയ്യുന്നത്.
”സന്ദര്‍ശകര്‍ക്ക് ഞങ്ങളുടെ രാജ്യം വീണ്ടും സുരക്ഷിതമായി തുറക്കുന്നതിലും ഖത്തറിന്റെ ടൂറിസം വ്യവസായത്തിന്റെ വികസനത്തിന് അടുത്ത ഘട്ടത്തെ പിന്തുണയ്ക്കുന്നതിലും ഞങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കറിനെ ഉദ്ധരിച്ച് പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിന്റെ പ്രകൃതി, ആധുനികത, പാരമ്പര്യങ്ങള്‍ തുടങ്ങി വിസ്മയങ്ങളുടെ കലവറയാണ് സന്ദര്‍ശര്‍ക്ക് മുന്നില്‍ തുറക്കാനുള്ളതെന്ന് അല്‍ ബാക്കര്‍ പറഞ്ഞു.
നഗരത്തിലൂടെയും മരുഭൂമിയിലൂടെയുമുളള ടൂറുകള്‍ യാത്രയുടെ ഓരോ ഘട്ടവും ആസ്വദിക്കാന്‍ ടൂറിസ്റ്റുകളെ സഹായിക്കും. കൂടാതെ ഖത്തറിന്റെ പ്രശസ്തമായ ആതിഥ്യമര്യാദ, സംസ്‌കാരം, പൈതൃകം എന്നിവ ഖത്തര്‍ സന്ദര്‍ശനം അവിസ്മരണീയമാക്കും. ഡിസ്‌കവര്‍ ഖത്തറിന്റെ എക്സ്‌ക്ലൂസീവ് പാക്കേജുകള്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളാണ് തുറക്കുക.
‘ഫാമിലി ആന്‍ഡ് ഫ്രണ്ട്സ്’ പാക്കേജുകള്‍ ഒരാള്‍ക്ക് 1,721 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഖത്തറിലെ പ്രമുഖ, ആഡംബര ഹോട്ടലുകളായ ഹില്‍ട്ടണ്‍ ദോഹ, ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്, റിറ്റ്‌സ്-കാര്‍ട്ടണ്‍ ദോഹ, മോണ്‍ഡ്രിയന്‍ ദോഹ, വെസ്റ്റിന്‍ ദോഹ ഹോട്ടല്‍ & സ്പാ, അല്‍ മെസീല റിസോര്‍ട്ട് തുടങ്ങിയവയുമായി സഹകരിച്ചാണ് പാക്കേജ് നല്‍കുന്നത്. അഞ്ച്, ഏഴ്, പത്ത് ദിവസത്തെ താമസ സൗകര്യമാണ് പാക്കേജുകളില്‍ ഉള്ളത്.
ഓരോ പാക്കേജിലും പ്രതിദിന പ്രഭാതഭക്ഷണം, ഹോട്ടലിലെ ഭക്ഷണപാനീയങ്ങള്‍ക്ക് 20 ശതമാനം കിഴിവ്, വിമാനത്താവളത്തില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ എന്നിവ ഉള്‍പ്പെടുന്നു.
ഖത്തറിലെ ഏറ്റവും ആകര്‍ഷകമായ ലാന്‍ഡ്മാര്‍ക്കുകളിലേക്കും പൈതൃകസ്ഥലങ്ങളിലേക്കുമുള്ള നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഡിസ്‌കവര്‍ ദോഹ’ നഗര പര്യടനവും ഖത്തറിലെ മറഞ്ഞിരിക്കുന്ന രത്നങ്ങളിലൊന്നായ മരുഭൂമിയിലൂടെയുള്ള ആവേശകരമായ ടൂറും ഇന്‍ലാന്‍ഡ് സീ സന്ദര്‍ശനവുമൊക്കെ പാക്കേജിന്റെ ഭാഗമാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം സൗജന്യമായി താമസിക്കാം. ഉപഭോക്താക്കള്‍ക്ക് അവരുടെ പാക്കേജിലേക്ക് എക്‌സ്‌ക്ലൂസീവ് മീറ്റ്, അസിസ്റ്റ് ഓഫറുകള്‍ എന്നിവ ചേര്‍ക്കാനും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഗമന അനുഭവം കഴിയുന്നത്ര സുഖകരവും തടസ്സമില്ലാത്തതുമാണെന്ന് ഉറപ്പാക്കാനും കഴിയും.
നഗര പര്യടനങ്ങളിലും വിനോദയാത്രകളിലും അതിഥികള്‍ക്ക് പ്രത്യേക ഓഫറുകളും ഡിസ്‌കവര്‍ ഖത്തര്‍ വാഗ്ദാനം ചെയ്യുന്നു. ഖത്തറി സംസ്‌കാരം കണ്ടെത്തുക’, ‘ഖത്തറിലെ കണ്ടല്‍ക്കാടുകള്‍ ‘പ്രാദേശിക പാചകരീതി’, ‘ഡിസ്‌കവര്‍ സൂക്ക് വഖിഫ്’, ‘അറബി കോഫി പാരമ്പര്യങ്ങള്‍ തുടങ്ങി ഏറെ പുതുമകളുള്ള ടൂറുകളില്‍ ഉപഭോക്താവിന് ഒരാള്‍ക്ക് ബുക്ക് ചെയ്ത് രണ്ട് പേര്‍ക്കും രണ്ട് പേര്‍ക്ക് ബുക്ക് ചെയ്ത് മൂന്ന് പേര്‍ക്കും ആസ്വദിക്കാനാകും.